തിരുവനന്തപുരം: സാമൂഹിക സുരക്ഷ റിപ്പോർട്ടിങ്ങിനുള്ള തിക്കുറിശ്ശി ഫൗണ്ടേഷൻ അച്ചടി മാധ്യമ പുരസ്കാരം മാധ്യമം കോട്ടയം ബ്യൂറോ ചീഫ് ബിജു ചന്ദ്രശേഖറിന്. ദൃശ്യമാധ്യമ മേഖലയിൽ സാമൂഹിക ക്ഷേമ റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം മീഡിയവണിലെ സോഫിയ ബിന്ദിനാണ്. ജൂലൈ അഞ്ചിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കലാ-സാഹിത്യ-സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനക്ക് ആർ. രാമചന്ദ്രൻ നായർക്കും മികച്ച കൃതിക്ക് കെ.ഡി. ഷൈബു മുണ്ടക്കലിനും പുരസ്കാരം നൽകും. ദൃശ്യമാധ്യമ-അച്ചടി മാധ്യമ മേഖലകളിലായി 28 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, വീണ ജോർജ് എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്യും. രാജൻ വി. പൊഴിയൂർ, ബി. മോഹനചന്ദ്രൻ നായർ, സുരേന്ദ്രൻ കുര്യാത്തി, ശശി ഫോക്കസ്, ശ്യാംകുമാർ ബി.എസ്, പ്രഭാകരൻ പയ്യാടക്കൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
1998 മുതൽ മാധ്യമം പത്രാധിപസമിതി അംഗമാണ് ബിജു ചന്ദ്രശേഖർ. സംസ്ഥാന സ്കൂൾ കായികമേള മികച്ച റിപ്പോർട്ടർ, അടൂർ ഭാസി കൾച്ചറൽ ഫോറം, പ്രേം നസീർ സുഹൃദ് സമിതി, കലാനിധി ലെനിൻ രാജേന്ദ്രൻ പുരസ്കാരം, വോയ്സ് ഓഫ് ഗൾഫ് റിട്ടേണീസ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. തിരുവനന്തപുരം മണക്കാട് കൊഞ്ചിറവിള രശ്മിയിൽ പരേതനായ എസ്. ചന്ദ്രശേഖരൻ നായരുടെയും ആർ. സരസ്വതിയമ്മയുടെയും മകനാണ്. ഭാര്യ: രശ്മി എസ്. നായർ. മക്കൾ: ഗൗതം ശേഖർ, ഗോവിന്ദ് ശേഖർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.