കോഴിക്കോട്: കോഴിക്കോട് കോർപറേഷനിൽ എൽ.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടായിട്ടില്ലെന്ന് മുൻ ഡെപ്യൂട്ടി മേയറും മീഞ്ചന്ത വാർഡിൽ നിന്ന് മത്സരിച്ച് തോറ്റ മേയർ സ്ഥാനാർഥിയുമായ വി.മുസാഫർ അഹമ്മദ്. താൻ മേയർ സ്ഥാനാർഥിയായിരുന്നില്ലെന്നും ആര് മേയറാകുമെന്ന് നേരത്തെ തീരുമാനിക്കുന്ന പതിവ് എൽ.ഡി.എഫിൽ ഇല്ലെന്നും മുസാഫർ അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം പാർട്ടിയുടെ ജില്ല നേതൃത്വം പരിശോധിക്കുമെന്നും പോരായ്മകൾ പരിഹരിച്ച് തിരുത്തലുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഭരണ വിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് എന്ന് പറയാൻ താൻ ആളല്ലെന്നും വി.മുസാഫർ അഹമ്മദ് കൂട്ടിച്ചേർത്തു.
കോഴിക്കോട് കോർപറേഷനിൽ എൽ.ഡി.എഫിന് വൻ തിരിച്ചടിയായിരുന്നു ഡെപ്യൂട്ടി മേയറായ മുസാഫർ അഹമ്മദിന്റെ തോൽവി. യു.ഡി.എഫിലെ എസ്.കെ അബൂബക്കറിനോട് 92 വോട്ടിന്റെ വ്യത്യാസത്തിലാണ് പരാജയം. എസ്.കെ.അബൂബക്കർ 1327 വോട്ട് സ്വന്തമാക്കിയപ്പോൾ മുസാഫർ അഹമ്മദിന് 1235 വോട്ടാണ് ലഭിച്ചത്. ബി.ജെ.പിയുടെ ഷിജു 498 വോട്ട് സ്വന്തമാക്കി.
കോഴിക്കോട് കോർപറേഷനിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തിയെങ്കിലും വലിയ തിരിച്ചടിയാണ് ഉണ്ടായത്. ആകെയുള്ള 76 സീറ്റിൽ 34 ഇടത്താണ് എൽ.ഡി.എഫിന് ജയിക്കാനായത്. യു.ഡി.എഫ് 26 ഉം എൻ.ഡി.എ 13 ഉം സീറ്റ് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.