തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെയും വിതരണക്കാരുടെയും സമരം അവസാനിച്ചെങ്കിലും റേഷൻ സാധനങ്ങൾ എത്താത്തതിനെ തുടർന്ന് ചൊവ്വാഴ്ച സംസ്ഥാനത്ത് ആയിരത്തോളം റേഷൻകടകൾ അടച്ചിട്ടു.14,014 റേഷൻ കടകളിൽ ഇന്നലെ വൈകീട്ട് നാലുവരെ പ്രവർത്തിച്ചത് 13,007 കടകളാണ്.
സാധനങ്ങൾ തീർന്നതോടെ, വൈകീട്ട് 6.30ഓടെ കടകളുടെ എണ്ണം 12,342 ആയി കുറഞ്ഞു. സാധനങ്ങളില്ലാത്തതിനെതിരെ ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ മണ്ഡലമായ നെടുമങ്ങാട്ടെ, റേഷൻകടകൾക്ക് മുന്നിലടക്കം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.
ഇതോടെ, റേഷൻകടകളിൽ വിതരണം, സ്റ്റോക്ക് എന്നിവ വിലയിരുത്തുന്നതിനായി മന്ത്രി ജി.ആർ. അനിൽ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. വിതരണക്കാരുടെ കുടിശ്ശിക നൽകിയെങ്കിലും കോഴിക്കോട് ടൗൺ, കൊയിലാണ്ടി, കാർത്തികപ്പള്ളി, പാലക്കാട് എന്നിവിടങ്ങളിലെ വിതരണക്കാർ സാധനങ്ങൾ എത്തിച്ചുതുടങ്ങിയിട്ടില്ല. അവരുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ തർക്കമാണ് കാരണം. അത് തൊഴിൽവകുപ്പുമായി ബന്ധപ്പെട്ട് പരിഹരിക്കാൻ ബന്ധപ്പെട്ട ഡി.എസ്.ഒ മാർക്ക് മന്ത്രി നിർദേശം നൽകി.
റേഷൻകടകളിലെ സ്റ്റോക്ക് സംബന്ധിച്ച പരാതികൾ റേഷൻ കടകളിലെത്തി പരിശോധിക്കാൻ റേഷനിങ് ഇൻസ്പെക്ടർമാക്കും താലൂക്ക് സപ്ലൈ ഓഫിസർമാർക്കും നിർദേശം നൽകി. ഈ മാസം ഇതുവരെ 64.31 ശതമാനം റേഷൻ വിതരണം മാത്രമാണ് സംസ്ഥാനത്ത് നടന്നത്. ജനുവരി 31വരെയുള്ള വിതരണ തോത് പരിശോധിച്ച ശേഷം ജനുവരിയിലെ റേഷൻ വിതരണം നീട്ടുന്ന കാര്യത്തിൽ ഭക്ഷ്യവകുപ്പ് തീരുമാനമെടുത്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.