തിരുവനന്തപുരം: സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് കോടതിയില്‍ (ആർ.ഡി.ഒ കോടതിയിൽ) സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകള്‍ നഷ്ടപ്പെട്ട സംഭവത്തെക്കുറിച്ച് വിജിലൻസ് അന്വേഷണത്തിന് ശിപാർശ. സംഭവം വിജിലൻസ് അന്വേഷിക്കണമെന്ന് റവന്യൂമന്ത്രി കെ. രാജൻ സർക്കാറിനോട് ശിപാർശ ചെയ്തു. പ്രാഥമികാന്വേഷണത്തിൽ ഉദ്യോഗസ്ഥർ അറിയാതെ തിരിമറി നടക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അന്വേഷണം വിജിലൻസിന് കൈമാറാനുള്ള ശിപാർശ.
റവന്യൂമന്ത്രിയുടെ ശിപാർശ ആഭ്യന്തരവകുപ്പ് പരിശോധിച്ച ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. നിലവിൽ കലക്ടർ നിയോഗിച്ച സമിതിയും പേരൂർക്കട പൊലീസും സംഭവം അന്വേഷിക്കുകയാണ്. കലക്ടറേറ്റിലുള്ള ആർ.ഡി.ഒ കോടതിയിൽനിന്ന് 70 പവനോളം സ്വർണവും പണവും മൊബൈൽ ഫോണുകൾ ഉൾപ്പെടെ നഷ്ടപ്പെട്ടതാണ് കേസിനാധാരം. 2010 നും '20 നും ഇടയിലാണ് തിരിമറി നടന്നതെന്നാണ് സബ് കലക്ടർ മാധവിക്കുട്ടിയുടെ അന്വേഷണത്തിൽ വ്യക്തമായത്. ഇതുസംബന്ധിച്ച സബ് കലക്ടറുടെ പരാതിയിലാണ് പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. കലക്ടർ നവ്ജ്യോത് ഖോസയുടെ നിർദേശാനുസരണം പ്രത്യേക സമിതിയും കണക്കെടുപ്പ് തുടരുകയാണ്.
സീല്‍ ചെയ്ത് സൂക്ഷിച്ചിരുന്ന മുതലുകളില്‍നിന്ന് ചില തൊണ്ടി സാധനങ്ങള്‍ കുറവു കണ്ട സാഹചര്യത്തിലാണ് മുഴുവന്‍ തൊണ്ടിമുതലുകളും പരിശോധനക്ക് വിധേയമാക്കാന്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടത്. ഇത്തരത്തില്‍ നടത്തിയ പരിശോധനയില്‍ 581.48 ഗ്രാം സ്വർണം, 140.5 ഗ്രാം വെള്ളി, 47500 രൂപ എന്നിവ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഓരോ കാലത്തും ഓരോ ഉദ്യോഗസ്ഥരാണ് ഈ തൊണ്ടിമുതലുകളുടെ കാവൽക്കാർ. തൊണ്ടിമുതലുകൾ നഷ്ടപ്പെട്ടത് മോഷണത്തിലൂടെയല്ലെന്നത് വ്യക്തമായത് സംശയത്തിന്റെ കുന്തമുന ജീവനക്കാർക്കുനേരെ തിരിച്ചിട്ടുണ്ട്. ജീവനക്കാരുടെ പങ്ക് റവന്യൂ അധികൃതരും തള്ളിക്കളയുന്നില്ല.
പേരൂർക്കട പൊലീസ് സ്ഥലം സന്ദർശിച്ച് മഹസർ തയാറാക്കുകയും സബ് കലക്ടറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തൊണ്ടി മുതലുകളുടെ കസ്റ്റോഡിയന്മാരായിരുന്ന ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുന്നതുൾപ്പെടെ നടപടികളിലേക്ക് കടക്കാനിരിക്കുകയാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.