തീർഥപാദ മണ്ഡപം ഒരു മാസത്തിനകം വിദ്യാധിരാജ സഭക്ക് തിരികെ നൽകണം; സർക്കാറിനോട് ഹൈകോടതി

കൊച്ചി: തിരുവനന്തപുരത്തെ തീർഥപാദ മണ്ഡപം ശ്രീ വിദ്യാധിരാജ സഭക്ക് സർക്കാർ ഒരു മാസത്തിനകം തിരികെ നൽകണമെന്ന്​ ഹൈകോടതി. ഭൂമി ഏറ്റെടുത്ത്​ 2020 ഫെബ്രുവരി 29ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവി​ലെ തുടർ നടപടികൾ റദ്ദാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ഉത്തരവ് നിലനിൽക്കുന്നതല്ലെന്ന്​ കോടതി വിലയിരുത്തി.

അതേസമയം, ഭൂമി മൂല്യമായി നൽകേണ്ട തുക അടച്ചില്ലെന്നും ട്രസ്റ്റ് രൂപവത്കരണം നിയമപ്രകാരമല്ലന്നുമടക്കമുള്ള ആരോപണങ്ങൾ തെളിയിക്കുന്ന രേഖകൾ ലഭ്യമാ​യാൽ നിയമപ്രകാരം നടപടികൾ സ്വീകരിക്കാമെന്നും അതിന്​ ഉത്തരവ്​ തടസ്സമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്​. തീർഥപാദ മണ്ഡപം നിയമവിധേയമല്ലാതെ പിടിച്ചെടുത്ത സർക്കാർ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീ വിദ്യാധിരാജ സഭ, സെക്രട്ടറി ഡോ. ആർ. അജയ് കുമാർ എന്നിവർ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

പാത്രക്കുളം എന്ന് അറിയപ്പെട്ടിരുന്ന 65 സെന്റ് സ്ഥലം 1976 ആഗസ്റ്റ് ഒമ്പത്​ മുതൽ സഭയുടെ കൈവശമാണ്. പിന്നീട്​ ഇവിടെ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ പേരിലുള്ള സ്മാരകം നിർമിച്ചു. ഹിന്ദു സാമൂഹിക പരിഷ്കർത്താവായിരുന്നു അദ്ദേഹമെന്നും ആരാധനമൂർത്തിയായിരുന്നില്ലെന്നുമാണ്​ സർക്കാർ വാദം. നിത്യപൂജയടക്കമുള്ളവ നടന്നു വരുന്നത്​ കണക്കിലെടുത്ത്​ നടപടിക്രമങ്ങൾ പാലിച്ച് ഭൂമി പതിച്ച് നൽകാനുള്ള ഉത്തരവ് റദ്ദാക്കുകയായിരുന്നെന്നാണ്​ സർക്കാറിന്‍റെ വിശദീകരണം.

സെന്‍റിന് 750 രൂപ വീതം ഭൂമി മൂല്യമായി നൽകണമെന്ന വ്യവസ്ഥയോടെ വിദ്യാധിരാജ സഭക്ക് ഭൂമി കൈമാറാനുള്ള നിർദേശമാണ് 1976ൽ കലക്ടർക്ക് സർക്കാർ നൽകിയത്. ഇതിന്‍റെ പകുതി തുക ഉടനെയും ബാക്കി തുക 1978ന് മുമ്പ് രണ്ട് വർഷങ്ങളിൽ രണ്ട് ഗഡുക്കളായും അടക്കണമെന്നായിരുന്നു വ്യവസ്ഥ. 1975ൽ തയാറാക്കിയ സ്കെച്ചിൽ സൂചിപ്പിച്ചിടത്തല്ലാതെ കെട്ടിട നിർമാണം പാടില്ലെന്നും അനുവദിച്ച കാര്യത്തിന് മാത്രം ഭൂമി വിനിയോഗിക്കണമെന്നുമുള്ള വ്യവസ്ഥയുമുണ്ടായിരുന്നു.

എന്നാൽ, ആദ്യ ഗഡുവല്ലാതെ ബാക്കി തുക നൽകാൻ സഭ തയാറായില്ല. അതിനാൽ ഭൂമി ഇപ്പോഴും സർക്കാർ ഉടമസ്ഥതയിലാണെന്നും സർക്കാർ വാദിച്ചു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും ഹാജരാക്കാനായില്ലെന്ന്​ കോടതി വ്യക്തമാക്കി. തങ്ങളുടെ പക്കലുള്ള രേഖകൾ നഷ്ടപ്പെട്ടുവെന്ന്​ ഹരജിക്കാരും അറിയിച്ചു. ഇക്കാര്യങ്ങൾ പരിഗണിച്ച്​ സർക്കാർ വാദം കോടതി തള്ളുകയായിരുന്നു. കുളം നികത്തി അനധികൃതമായി കെട്ടിടം നിർമിച്ചു തുടങ്ങിയ സർക്കാർ വാദങ്ങളും തള്ളി.

Tags:    
News Summary - Theerthapada Mandapam should be returned to the Vidyadhiraja Sabha within a month -High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.