കുതിരവട്ടം-കോട്ടൂളി റോഡിൽ കൗൺസിലർ ടി. റനീഷിെൻറ ഓഫീസ് അടിച്ചുതകർത്ത നിലയിൽ
കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് ചോമ്പാലയിൽനിന്ന് കൊണ്ടുവന്ന യുവാവ് അക്രമാസക്തനായി രണ്ടു കാറും ഒട്ടേറെ മറ്റു വാഹനങ്ങളും പുതിയറ കൗൺസിലർ ടി. റനീഷിന്റെ ഓഫീസും അടിച്ചുതകർത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ ചോമ്പാല പൊലീസും ബന്ധുക്കളും ചേർന്ന് മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്കായി കൊണ്ടുവരുന്നതിനിടെയാണ് യുവാവ് ആശുപത്രിക്ക് സമീപമെത്തിയപ്പോൾ വാഹനത്തിൽനിന്ന് ഇറങ്ങി ഓടിപ്പോയിരുന്നു.
തുടർന്ന്, ഏറെ പരിശ്രമത്തിനൊടുവിൽ വൈകീട്ട് ആറുമണിയോടെ പുതിയറ എസ്.കെ. പൊറ്റക്കാട് സാംസ്‌കാരിക കേന്ദ്രത്തിനടുത്തുനിന്ന് പൊലീസ് പിടികൂടി. മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ദേശപോഷിണി ഗോവിന്ദപുരം റോഡ്, കോട്ടൂളി, പറയഞ്ചേരി, പുതിയറ തുടങ്ങിയ ഭാഗങ്ങളിലേക്ക് ഓടിയ യുവാവ് വഴിയിൽക്കണ്ട കാറുകളുടെ ചില്ലും മറ്റ് വാഹനങ്ങളും കൈയിൽക്കിട്ടിയ ഇരുമ്പുകമ്പികൊണ്ട് അടിച്ചുതകർക്കുകയായിരുന്നു. പൊലീസും നാട്ടുകാരും പിന്നാലെ ഓടിയെങ്കിലും മൂന്നുമണിക്കൂറോളം ആളുകളെയും പൊലീസിനെയും വട്ടംചുറ്റിച്ച യുവാവിനെ മെഡിക്കൽ കോളജ് പോലീസും കൺട്രോൾ റൂം പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു.
കുതിരവട്ടം കോട്ടൂളി റോഡിലെ തന്റെ ഓഫീസിന്റെ ചില്ല് കമ്പികൊണ്ട് പൂർണമായും അടിച്ചുതകർത്തതായി കൗൺസിലർ റനീഷ് പറഞ്ഞു. മൂന്നുമാസംമുമ്പാണ് എട്ട് ലക്ഷത്തോളം രൂപ ചെലവിട്ട് പുതിയറയിൽ റനീഷ് ഓഫീസ് തുടങ്ങിയത്. വിവിധ അപേക്ഷകളുൾപ്പെടെ നൽകുന്നതിനുള്ള സൗകര്യം ഓഫീസിൽ ഒരുക്കിയിരുന്നു. തകർന്ന രണ്ടു കാറുകളുടെ ഉടമസ്ഥർ പരാതിനൽകിയിട്ടുണ്ടെന്നും ബന്ധുക്കൾ നഷ്ടപരിഹാരം നൽകാമെന്ന് അറിയിച്ചായും മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.