കേരള ഹൈകോടതി
കൊച്ചി: കനാലുകളിൽനിന്നും ഓടകളിൽനിന്നും വാരുന്ന ചളി മണിക്കൂറുകൾക്കകം നീക്കണമെന്ന് ഹൈകോടതി. ചളി കോരിയ ശേഷം കനാലുകളുടെയും ഓടകളുടെയും ഓരത്ത് സൂക്ഷിക്കുന്ന കാഴ്ച പതിവാണ്. അതിനാൽ ചളി വീണ്ടും കനാലിലേക്ക് തിരികെയെത്തുന്ന സ്ഥിതിയാണ്. കാനകളിലെ ചളി വാരി നീക്കുന്ന ജോലി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. പ്ലാസ്റ്റിക് മാലിന്യം കാനകളിലേക്ക് തള്ളുന്നത് തടയണമെന്നും കോടതി നിർദേശിച്ചു. കൊച്ചി നഗരത്തിലെയടക്കം വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള ഹരജികളിലാണ് ഉത്തരവ്. എറണാകുളത്ത് ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി മഴക്കാല പൂർവ ശുചീകരണ പ്രവൃത്തികൾ തുടങ്ങിയതായി അമിക്കസ് ക്യൂറി അറിയിച്ചു. കോടതി നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി സമിതിയെ അഭിനന്ദിച്ചു. അതേസമയം, മൺസൂൺ മുന്നിൽക്കണ്ട് നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് നിർദേശിച്ചു. കലക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കൊച്ചി കോർപറേഷനും കൽവെർട്ടുകൾ വൃത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് റെയിൽവേയും കോടതിയെ അറിയിച്ചു. തുടർന്ന് ഹരജി മേയ് എട്ടിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.