വിസ്ഡം സ്റ്റുഡന്റ്സ് 27ാമത് ആഗോള പ്രഫഷനൽ വിദ്യാർഥി സമ്മേളനത്തിൽ ലജ്നത്തുൽ ബുഹൂസിൽ ഇസ്ലാമിയ്യ പണ്ഡിതസഭ ഉപാധ്യക്ഷനും പ്രമുഖ പണ്ഡിതനുമായ ഹുസൈൻ
സലഫി മുഖ്യപ്രഭാഷണം നിർവഹിക്കുന്നു
കോഴിക്കോട്: നമ്മുടെ രാജ്യം സൃഷ്ടിക്കുന്ന പ്രഫഷനലുകളുടെ സേവനം രാജ്യത്തിനുതന്നെ ലഭ്യമാക്കുന്നതിന് പദ്ധതികൾ ആവിഷ്കരിക്കണമെന്ന ആഹ്വാനത്തോടെ വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ സംഘടിപ്പിച്ച 27ാമത് ത്രിദിന ആഗോള പ്രഫഷനൽ വിദ്യാർഥി സമ്മേളനം സമാപിച്ചു. മികച്ച തൊഴിലവസരങ്ങളും വേതനവും രാജ്യത്ത് ലഭ്യമല്ലാത്തത് പ്രഫഷനലുകൾ രാജ്യം വിടാൻ കാരണമാവുകയും വികസനത്തിന് തടസ്സമാവുകയും ചെയ്യുന്നുവെന്നും സമ്മേളനം വിലയിരുത്തി.
ഉപരിപഠനത്തിന് വിദേശത്തേക്ക് പോകുന്ന വിദ്യാർഥികൾ ഒറ്റപ്പെടുകയും ലഹരിക്കും മറ്റും അടിമപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ എംബസികൾ കേന്ദ്രീകരിച്ച് കൗൺസലിങ് സംവിധാനം ഏർപ്പെടുത്തണം. കാമ്പസുകളിൽ വളർന്നുവരുന്ന അരാഷ്ട്രീയ വാദത്തിനും മദ്യ- മയക്കുമരുന്ന് കച്ചവടത്തിനും ഉപയോഗത്തിനുമെതിരെ ബോധവത്കരണം സംഘടിക്കണമെന്നും ആവശ്യപ്പെട്ടു.
സമാപന സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽ ഹികമി അധ്യക്ഷത വഹിച്ചു. ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നിർവഹിച്ചു. വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, സി.പി. സലീം, അബൂബക്കർ സലഫി, ഫൈസൽ മൗലവി പുതുപ്പറമ്പ്, കെ സജ്ജാദ്, അബ്ദുറഷീദ് കുട്ടമ്പൂർ, മലബാർ ഗ്രൂപ് ചെയർമാൻ എം.പി അഹ്മദ്, ഹാരിസ് കായക്കൊടി, ടി മുഹമ്മദ് ഷമീൽ, ഷാഫി സ്വബാഹി, ഷബീബ് സ്വലാഹി, ഷമീർ മുണ്ടേരി, ഡോ. അബ്ദുള്ള ബാസിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.