കോഴിക്കോട് രൂപത ശതാബ്ദി ആഘോഷ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ പൊന്നാടയണിയിക്കുന്നു. സീറോ മലബാർ സഭ ആർച്ച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി, മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർ സമീപം

സഭക്കും സർക്കാറിനും വിവിധ മേഖലകളിൽ സഹകരിക്കാനാവും -മുഖ്യമന്ത്രി

കോഴിക്കോട് രൂപത ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം

കോഴിക്കോട്: നാടിന്‍റെ ക്ഷേമവും പുരോഗതിയും മുൻനിർത്തി സഭക്കും സർക്കാറിനും വിവിധ മേഖലകളിൽ സഹകരിക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് രൂപത ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള ക്രൈസ്തവസഭയെ നയിക്കുന്ന ഫ്രാൻസിസ് മാർപാപ്പ സാമൂഹികനീതിക്ക് വലിയ പ്രാധാന്യമാണ് ത‍ന്‍റെ ഉദ്ബോധനങ്ങളിൽ നൽകുന്നത്. അതിദാരിദ്ര്യ നിർമാർജനം മുതൽ ജൻഡർ ബജറ്റിങ് വരെയുള്ള സർക്കാർ പ്രവർത്തനങ്ങൾ മാർപാപ്പ മുന്നോട്ടുവെക്കുന്ന ആശയങ്ങളുമായി ചേർന്നുനിൽക്കുന്നവയാണ്. സഭയും സർക്കാറും തമ്മിലുള്ള സഹകരണത്തെ അർഥവത്താക്കുന്നവയാണ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായ പരിപാടികളെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലബാറിലെ ക്രൈസ്തവരിലേറെയും വരുന്ന കുടിയേറ്റ കർഷകരുടെയടക്കം ദുരിതത്തിന് അറുതിവരുത്താനും വരുമാനം 50 ശതമാനം വർധിപ്പിക്കാനുമാണ് സർക്കാർ വിവിധ കാർഷിക പദ്ധതികൾ ആവിഷ്കരിച്ചത്. പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സർക്കാർ ഇടപെടലും ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായ 'ബെത്‌ലഹേം' ഭവനപദ്ധതി അദ്ദേഹം ഉദ്ഘാടനം ചെയ്തു. സെന്‍റ് ജോസഫ്സ് ദേവാലയാങ്കണത്തിൽ നടന്ന ചടങ്ങിൽ ആർച്ച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി അധ്യക്ഷനായി. പരിസ്ഥിതിലോല മേഖല പ്രശ്നത്തിൽ സർക്കാർ കർഷകർക്ക് അനുകൂല നിലപാട് സ്വീകരിക്കണമെന്നും ഇത് കർഷകരുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി അതിരൂപത അധ്യക്ഷൻ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തി. ഹോം മിഷൻ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

വിവാഹ സഹായപദ്ധതി മന്ത്രി പി.എ. മുഹമ്മദ് റിയാസും കൗൺസലിങ് സെന്‍റർ കണ്ണൂർ ബിഷപ് അലക്സ് വടക്കുംതലയും വിദ്യാഭ്യാസ ഹബ് ഇരിഞ്ഞാലക്കുട ബിഷപ് പോളി കണ്ണൂക്കാടനും റിട്രീറ്റ് സെന്‍റർ ബത്തേരി ബിഷപ് ജോസഫ് മാർ തോമസും ഉദ്ഘാടനം ചെയ്തു. കോഴിക്കോട് രൂപത ചരിത്രപദ്ധതി തോമസ് തീത്തോസ് എപ്പിസ്കോപ്പയും വിദ്യാഭ്യാസ സ്കോളർഷിപ് ഫാ. ഇ.പി. മാത്യുവും യൂത്ത് മാപ്പിങ് പദ്ധതി മേയർ ഡോ. ബീന ഫിലിപ്പും ജീവൻസുരക്ഷ പദ്ധതി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയും വയനാട് യൂത്ത് ഗൈഡൻസ് സെന്‍റർ അഡ്വ. ടി. സിദ്ദീഖ് എം.എൽ.എയും ഉദ്ഘാടനം ചെയ്തു. 

Tags:    
News Summary - The Sabha and the Government can co-operate in various fields - CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.