എസ്. രാജേന്ദ്രന്‍റെ ആരോപണം തെറ്റെന്ന് റവന്യൂ വകുപ്പ്; ആരോപണം ആവർത്തിച്ച് മുൻ എം.എൽ.എ

തൊടുപുഴ: മൂന്നാർ ഇക്കാനഗറിലെ വീടും സ്ഥലവും ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയെന്ന ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍റെ ആരോപണം തെറ്റെന്ന് റവന്യൂ വകുപ്പ്. നിലവിൽ താമസിക്കുന്ന വീട് സംബന്ധിച്ച് വിശദീകരണ നോട്ടീസ് ആണ് നൽകിയത്. രാജേന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള മറ്റ് വീടുകൾക്കാണ് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയതെന്നും റവന്യൂ അധികൃതർ മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, മൂന്നാർ ഇക്കാനഗറിലെ വീടും സ്ഥലവും ഒഴിയണമെന്ന് റവന്യൂ അധികൃതർ ആവശ്യപ്പെട്ടെന്ന ആരോപണം ആവർത്തിച്ച് എസ്. രാജേന്ദ്രനും രംഗത്തെത്തി. തന്‍റെ ഭാര്യയെയും ഉൾപ്പെടുത്തിയാണ് നോട്ടീസ് നൽകിയിട്ടുള്ളത്. ഒഴിപ്പിക്കുന്നത് താൻ താമസിക്കുന്ന വീടല്ലെന്ന് വില്ലേജ് ഓഫിസർ പറഞ്ഞിട്ടില്ലെന്നും രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

മൂന്നാർ ഇക്കാനഗറിലെ വീടും സ്ഥലവും ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് നോട്ടീസ് നൽകിയെന്നാണ് രാജേന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. രാജേന്ദ്രന്‍റെയും ഭാര്യയുടെയും പേരിൽ ദേവികുളം താലൂക്കിലുള്ള എട്ട് സെന്‍റ് സ്ഥലവും വീടും പുറമ്പോക്കാണെന്നും ഏഴു ദിവസത്തിനകം ഒഴിയണമെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. സ്വയം ഒഴിഞ്ഞില്ലെങ്കില്‍ ബലമായി ഒഴിപ്പിക്കാന്‍ പൊലീസിന്‍റെ സഹായം തേടി ജില്ല പൊലീസ് മേധാവിക്ക് ദേവികുളം സബ് കലക്ടർ കത്തും നല്‍കിയിരുന്നു. റവന്യൂ നടപടിക്ക് രാജേന്ദ്രന്‍ സ്റ്റേ വാങ്ങിയിട്ടുണ്ട്.

റവന്യൂ വകുപ്പ് നൽകിയ ഒഴിപ്പിക്കൽ നോട്ടീസിനെതിരെ രാജേന്ദ്രൻ സമർപ്പിച്ച ഹരജിയെ തുടർന്നാണ് നടപടി തടഞ്ഞ് ഉത്തരവിറങ്ങിയത്. ഇടക്കാല ഉത്തരവുണ്ടായതോടെ ഒഴിപ്പിക്കൽ നടപടികൾ ഉടനുണ്ടാകില്ലെന്ന് റവന്യൂ അധികൃതരും വ്യക്തമാക്കി. ഇക്കാനഗറിലെ 25 ഏക്കറോളം ഭൂമി വൈദ്യുതി വകുപ്പിന്‍റെയാണെന്നാണ് കെ.എസ്.ഇ.ബി അവകാശപ്പെടുന്നത്. ഇക്കാനഗര്‍ സ്വദേശിയായ ഒരാൾ ഭൂമി പതിച്ച് നല്‍കണമെന്ന ആവശ്യവുമായി ഹൈകോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍, കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രേഖകൾ ഹാജരാക്കാൻ ഇക്കാനഗറിലെ അറുപതോളം കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്. തനിക്ക് മാത്രമാണ് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയതെന്നാണ് രാജേന്ദ്രന്‍റെ ആരോപണം. 

Tags:    
News Summary - The revenue department says S. Rajendran allegation is false

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.