വഖ്ഫ് ബോർഡിൽ ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് പഠനം നടത്തി സ്റ്റാഫ് പാറ്റേൺ പുതുക്കി നിശ്ചയിക്കണമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാന വഖ്ഫ് ബോർഡിൽ ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് വഴി വർക്ക് പഠനം നടത്തി സ്റ്റാഫ് പാറ്റേൺ പുതുക്കി നിശ്ചയിക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. ഈ വിഷയത്തിൽ ഭരണ വകുപ്പ് യുക്തമായ തീരുമാനമെടുക്കണെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു. വഖ്ഫ് ബോർഡിന്റെ റെഗുലേഷൻ പ്രകാരം അനുവദിച്ചതിൽ കൂടുതൽ തസ്തികകളിലും കൂടുതൽ എണ്ണത്തിലും താൽകാലിക നിയമനം നടത്തിയതായി ധനകാര്യ പരിശോധനയിൽ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ശിപാർശ നൽകിയത്.

2016 ലെ റെഗുലേഷൻസ് പ്രകാരം അംഗീകരിച്ചിട്ടുള്ള ജീവനക്കാരുടെ എണ്ണം 18 തസ്തികകളിലായി 106 ആണ്. എന്നാൽ, 2022 മെയിൽ നടത്തിയ പരിശോധനയിൽ 29 സ്ഥിര നിയമനം ലഭിച്ച ജീവനക്കാരും 89 താൽക്കാലിക ജീവനക്കാരുമുൾപ്പടെ 118 ജീവനക്കാർ വഖ്ഫ് ബോർഡിൽ സേവനത്തിലുള്ളതായി കണ്ടെത്തി. ലീഗൽ അസിസ്റ്റന്റ്റ്, വഖ്ഫ് ഇൻസ്പെക്ടർ, ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്, ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിൽ 2016 റെഗുലേഷൻ പ്രകാരമുള്ള സ്റ്റാഫ് പാറ്റേണിനേക്കാൾ കൂടുതലും അഡ്മിനിസ്ട്രേറ്റീവ് കം അക്കൗണ്ട് ഓഫീസർ, ഡിവിഷണൽ വഖ്ഫ് ഓഫീസർ, അപ്പർ ഡിവിഷൻ ക്ലർക്ക്, ലോവർഡിവിഷൻ ക്ലർക്ക്, ക്ലറിക്കൽ അസിസ്റ്റൻറ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്റ്, അപ്പർഡിവിഷൻ ടൈപ്പിസ്റ്റ്, അറ്റൻഡർ ഗ്രേഡ് രണ്ട് എന്നീ തസ്തികകളിൽ സ്റ്റാഫ് പാറ്റേണിനേക്കാൾ കുറവും ജീവനക്കാരെ നിയമിച്ചിരിക്കുന്നതായി കണ്ടെത്തി.

വഖ്ഫ് ബോർഡിന്റെ പ്രോവിഡൻറ് ഫണ്ടിൽ ആവശ്യാനുസരണം പണലഭ്യത ഉറപ്പു വരുത്തി ശേഷിക്കുന്ന തുക സ്പെഷ്യൽ ടേം ഡെപ്പോസിറ്റ് ആയി മാറ്റുന്നതിനുള്ള സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ മറ്റൊരു ശിപാർശ. മുഴുവൻ ജീവനക്കാരും വഖ്‌ഫ് ബോർഡ് ജനറൽ പ്രോവിഡൻറ് ഫണ്ടിൽ അംഗങ്ങളാകുന്നതിന് ബാധ്യസ്ഥരാണ്. ജനറൽ പ്രോവിഡൻറ് ഫണ്ട് (കേരള) ചട്ടത്തിലെ വ്യവസ്ഥകളാണ് വഖ്‌ഫ് ബോർഡ് പ്രോവിഡന്റ് ഫണ്ടിനും പൊതുവിൽ ബാധകമാക്കിയിട്ടുള്ളത്. ഇതനുസരിച്ച് വഖ്‌ഫ് ബോർഡിലെ ജീവനക്കാരുടെ പ്രോവിഡൻറ് ഫണ്ട് നിയന്ത്രിക്കുന്നത് ബോർഡ് തന്നെയാണ്. ജീവനക്കാരുടെ പ്രോവിഡൻറ് ഫണ്ട് വിഹിതം പ്രതിമാസ ശമ്പളത്തിൽ നിന്നും ഈടാക്കി ഒരു നിശ്ചിത കാലം വരെ അതിനായി കൈകാര്യം ചെയ്തുവരുന്ന സേവിങ് ബാങ്ക് അക്കൗണ്ടിലേക്കും പിന്നീട് ട്രഷറിയിൽ സ്ഥിര നിക്ഷേപമായും സൂക്ഷിക്കുകയാണ്.

പി.എഫ് അക്കൗണ്ടിൽ നിന്നും ജീവനക്കാർ ആവശ്യപ്പെടുന്ന അഡ്വാൻസ് തുക നൽകുന്നതിനുള്ള ചെലവ്, വിരമിക്കുന്ന ജീവനക്കാർക്കുള്ള പി.എഫ്. തുക അനുവദിക്കുന്നതിനുള്ള ചെലവ് മുതലായവ വഹിക്കുന്നതിനുള്ള തുക കണ്ടെത്തുന്നതിനു വേണ്ടിയാണ് നിശ്ചിത തുക സേവിങ് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുന്നതെന്ന് ബോർഡ് രേഖാമൂലം മറുപടി നൽകി.

എന്നാൽ, ലഭിച്ച വിവരങ്ങൾ പ്രകാരം സേവിങ് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുന്നത് 80,28,952 രൂപയാണ്. വഖ്‌ഫ് ബോർഡിന്റെ 2020-21 ബഡ്‌ജറ്റ് കണക്കുകൾ പ്രകാരം പി.എഫ് ഇനത്തിലെ വരവ് 75 ലക്ഷം രൂപയും ചെലവ് ഒരു കോടി രൂപയുമാണ്. ഈ ഇനത്തിൽ അധികമായി വേണ്ടി വരുന്നത് 25 ലക്ഷം രൂപയാണ്.

സ്റ്റേറ്റ് ബാങ്കിലെ അക്കൗണ്ടിൽ നിന്ന് പിൻവലിക്കാതെ ശേഷിക്കുന്ന തുക സ്പെഷ്യൽ ടേം ഡെപ്പോസിറ്റ് ആയി കൺവെർട്ട് ചെയ്യാവുന്ന സ്കീം നിലവിലുള്ളപ്പോഴും ഭീമമായ ബാധ്യത പ്രോവിഡന്റ് ഫണ്ടിൽ നിലനിൽക്കുമ്പോഴും 80,28,952 രൂപ 2.5 ശതമാനം പലിശ നിരക്കിൽ സേവിങ്ങ് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുന്നത് ശരിയായ പ്രവണതയല്ല. പി.എഫ് ഇനത്തിലെ വരവു കൂടി കണക്കിലെടുത്ത ശേഷം പ്രോവിഡന്റ് ഫണ്ട് പിൻവലിക്കൽ മൂലമുള്ള ബാധ്യത നിറവേറ്റുന്നതിനായി കണക്കാക്കുന്ന തുക മാത്രം സേവിങ് ബാങ്ക് അക്കൗണ്ടിൽ നിലനിർത്തി ശേഷിക്കുന്ന തുക കൂടുതൽ പലിശ ലഭിക്കുന്ന സ്പെഷ്യൽ ടേം ഡെപ്പോസിറ്റ് ആയി മാറ്റുന്നതിനുള്ള നടപടി വഖ്ഫ് ബോർഡിന് സ്വീകരിക്കണമെന്നാണ് ശിപാർശ.

Tags:    
News Summary - The report says that a work study should be conducted in the Waqf Board through the Civil Service Reforms Department and the staff pattern should be revised.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.