പൊലീസ് ആസ്ഥാനത്ത്​ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന്

മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയപ്പോള്‍

വർഗീയശക്തികളുമായി പൊലീസുകാർക്കുള്ള ബന്ധം അനുവദിക്കില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: വർഗീയ ശക്തികളുമായുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധവും ബിസിനസുകളും അനുവദിക്കില്ലെന്നും ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്നും മുഖ്യമന്ത്രിയുടെ നിർദേശം. പൊലീസ് ആസ്ഥാനത്ത് നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കവെയാണ് കർശന മുന്നറിയിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്.

ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ നിർദേശം നൽകി. പരാതി ലഭിച്ചാൽ അപ്പോൾതന്നെ അന്വേഷിച്ച് റിപ്പോർട്ട് കൈമാറണം. പൊലീസിൽനിന്നും നിഷ്പക്ഷമായ സേവനമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നടപടിയിലേക്ക് കടക്കണമെന്നും യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. ചില പൊലീസ് ഉദ്യോഗസ്ഥർ ഭാര്യമാരുടെയും അടുത്ത ബന്ധുക്കളുടെയും പേരിൽ ബിസിനസുകള്‍ നടത്തുന്നതായി ആരോപണങ്ങളുണ്ട്, അത് പാടില്ല.

അത്തരം ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കണം. ജില്ല പൊലീസ് മേധാവികൾ കീഴുദ്യോഗസ്ഥർക്ക് മാതൃകയായിരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ ഓർമിപ്പിച്ചു. പോപുലര്‍ ഫ്രണ്ട് നിരോധനത്തിനു ശേഷം സംസ്ഥാനത്തുള്ള സാഹചര്യം യോഗം വിലയിരുത്തി.

പോപുലർ ഫ്രണ്ടിനെതിരായ നടപടികൾ നിയമാനുസരണമേ നടത്താവൂ. നിരോധനത്തിന്‍റെ പേരിൽ വേട്ടയാടുന്നെന്ന പ്രതീതിയുണ്ടാക്കരുത്. നിയമത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത്. യു.എ.പി.എ പോലുള്ള നിയമം ചുമത്തുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്ന നിർദേശവും നൽകിയതായാണ് വിവരം.

മയക്കുമരുന്ന്‌ ലഹരിവസ്തു കേസുകളിൽ കർശന നടപടി സ്വീകരിക്കണം. സൈബർകുറ്റകൃത്യങ്ങൾ തടയാൻ വിട്ടുവീഴ്‌ചയില്ലാത്ത നടപടികളുണ്ടാകും. കുറ്റാന്വേഷണം ശാസ്ത്രീയമാക്കാനായി എല്ലാ പൊലീസുകാർക്കും ആധുനിക സാങ്കേതികവിദ്യയിൽ പരിശീലനം നൽകും.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ പരാതി ലഭിച്ചാൽ കാലതാമസമില്ലാതെ കേസെടുക്കും. ശമ്പളം, ഡി.എ, പെൻഷൻ തുടങ്ങിയ ക്ഷേമകാര്യങ്ങൾ കൃത്യമായി നടപ്പാക്കാനും തീരുമാനമായി.

സംസ്ഥാന പൊലീസ്‌ മേധാവി അനിൽ കാന്ത്‌, എ.ഡി.ജി.പിമാരായ കെ. പത്മകുമാർ, ടി.കെ. വിനോദ്‌കുമാർ, വിജയ്‌ സാക്കറെ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, പ്രൈവറ്റ്‌ സെക്രട്ടറി കെ.കെ. രാഗേഷ്‌, ആഭ്യന്തര സെക്രട്ടറി വി. വേണു എന്നിവരും പങ്കെടുത്തു.

Tags:    
News Summary - The relationship of policemen with communal forces will not be allowed -Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.