കോഴിക്കോട് നോർത്തിലെ തോൽവിക്ക് കാരണം പാർട്ടി വോട്ടുകൾ ബി.ജെ.പിയിലേക്ക് മറിഞ്ഞത് -തോട്ടത്തിൽ രവീന്ദ്രൻ
കോഴിക്കോട്: കോഴിക്കോട് നോർത്തിലെ പരാജയത്തിന് കാരണം പാര്‍ട്ടി വോട്ടുകൾ ബി.ജെ.പിയിലേക്ക് മറിഞ്ഞതാണെന്ന് സി.പി.എം സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രൻ. പാർട്ടി വോട്ടുകൾ ഉൾപ്പെടെ ബി.ജെ.പിക്ക് ലഭിച്ചു. ഈ പോക്ക് തുടർന്നാൽ സംസ്ഥാനത്ത് ബി.ജെ.പി കൂടുതൽ സ്വാധീനം നേടുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും തോൽവിക്ക് കാരണമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചാനലുകൾക്ക് നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പ്രാവശ്യത്തേക്കാൾ ഒമ്പതിനായിരത്തോളം വോട്ടുകൾ അവർ അധികം നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.നിയമസഭ തെരഞ്ഞെടുപ്പിൽ പൂർണ തോൽവിയിൽ എത്തിച്ചേർന്നതിന്‍റെ കാരണങ്ങൾ കണ്ടെത്താനുള്ള പരിശോധനകൾ സിപിഎം സംസ്ഥാന കമ്മറ്റി നടത്തുന്നതിനിടയിലാണ് കോഴിക്കോടുള്ള മുതിർന്ന നേതാവ് തോട്ടത്തിൽ രവീന്ദ്രൻ്റെ തുറന്നു പറച്ചിൽ. തീപാറും പോരാട്ടത്തിൽ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ കെ ജയന്ത് 1483 വോട്ടുകൾക്കാണ് തോട്ടത്തിൽ രവീന്ദ്രനെ വീഴ്ത്തിയത്.
2021ൽ എംടി രമേശ് 30952 വോട്ടുകൾ നേടിയ സ്ഥാനത്ത് ഇക്കുറി നവ്യ ഹരിദാസ് 39899 വോട്ടുകളാണ് നേടിയത്. ഇതിൽ വലിയൊരു പങ്കും പാർട്ടി വോട്ടുകളാണെന്നും തോട്ടത്തിൽ രവീന്ദ്രൻ തുറന്നു പറയുന്നു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും പരാജയത്തിൻ്റെ ആക്കം കൂട്ടി. മുസ്ലീം, ക്രിസ്ത്യൻ സമുദായ നേതാക്കൾ തന്നെ സി.പി.എമ്മിനെതിരെ നിലപാടെടുത്തെന്നും തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. സി.പി.എമ്മിന്‍റെ ഉറച്ചകോട്ടയായ കോഴിക്കോട് ജില്ലയിൽ 13ൽ സീറ്റിൽ ബേപ്പൂർ മാത്രമാണ് എൽ.ഡി.എഫിനൊപ്പം നിന്നത്. ബാക്കി 12ഉം പാർട്ടിയെ കൈവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.