‘ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ’ പരിപാടിക്ക് റിപ്പബ്ലിക് ദിനത്തില്‍ തുടക്കമാകും

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ വിജയത്തിന്റെ തുടര്‍ച്ചയായി കോൺഗ്രസ് ആഹ്വാന പ്രകാരം രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന 'ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍' ജനസമ്പര്‍ക്ക പരിപാടിക്ക് ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ തുടക്കമാകുമെന്ന് എ.ഐ.സി.സി വക്താവും മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയുമായ നെറ്റ ഡിസൂസ. കെ.പി.സി.സി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നെറ്റ ഡിസൂസ.

ഭാരത് ജോഡോ യാത്രയുടെ സന്ദേശം വീടുവിടാന്തരം എത്തിക്കുന്നതിന്റെ ഭാഗമായി രണ്ടു മാസമായി നടത്തുന്ന കാമ്പയിന്‍ മുന്ന് ഘട്ടങ്ങളായിട്ടായിരിക്കും സംഘടിപ്പിക്കുന്നത്. ബ്ലോക്ക് തലത്തില്‍ പദയാത്രകളും ജില്ലാതല പ്രവര്‍ത്തന കണ്‍വെന്‍ഷനുകളും സംസ്ഥാനതല റാലികളും സംഘടിപ്പിക്കും. കൂടാതെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല മഹിളാ മാര്‍ച്ചുകളും സംഘടിപ്പിക്കും.

മോദി സര്‍ക്കാരിന്റെ ജനദ്രോഹ ഭരണം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുകയാണ് ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ കാമ്പയിന്റെ ലക്ഷ്യം. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ ഏറ്റെടുത്ത ലക്ഷ്യത്തിന്റെ തുടര്‍ച്ചയാണിത്. ഭാരത് ജോഡോ യാത്രയെ ആദ്യം വിമര്‍ശിച്ചവര്‍ ഇപ്പോള്‍ അതിനെ അംഗീകരിക്കാന്‍ തയാറായി. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ എട്ടുവര്‍ഷത്തെ ഭരണം ദുരിതമാണ് സമ്മാനിച്ചത്. സത്യത്തെ എത്ര മൂടിവെച്ചാലും അത് വെളിച്ചത്ത് വരും. സാധാരണക്കാരന്റെ ജീവിത്തെ ബാധിച്ച വിലക്കയറ്റം, തൊഴില്ലായ്മ, പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങള്‍ ജനമധ്യത്തില്‍ ചര്‍ച്ചയാക്കും.

പാചക വാതകത്തിന്റെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വില മൂന്നിരട്ടി വര്‍ധിച്ചു. അസംസ്‌കൃത എണ്ണയുടെ വില അന്തരാഷ്ട്ര വിപണിയില്‍ കുറയുന്നതിന് അനുസൃതമായി ഇന്ധനവില കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ല. പെട്രോളിയം ഉത്പന്നങ്ങളുടെ മേല്‍ അധികനികുതി ചുമത്തി മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. നികുതി ഭീകരതയാണ് രാജ്യത്ത്. മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും പാല്‍ ഉത്പന്നങ്ങള്‍ക്കും ജി.എസ്.ടി പരിധിയില്‍ കൊണ്ടുവന്നത് അവയുടെ വില വര്‍ധിക്കാന്‍ ഇടയാക്കി. എന്തിന് ശ്മശാനങ്ങള്‍ക്കും പോലും ജി.എസ്.ടി ഈടാക്കുന്ന മനുഷ്യത്വരഹിത സമീപനമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും നെറ്റ ഡിസൂസ പറഞ്ഞു.

മോദി ഭരണത്തില്‍ രാജ്യത്തെ അതിസമ്പന്നരുടെ ആസ്തിയില്‍ വന്‍തോതിലുള്ള വര്‍ധനവുണ്ടായെന്നാണ് ഓക്‌സ്ഫാ ഇന്ത്യയുടെ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 60 ശതമാനവും അഞ്ചു ശതമാനത്തിന്റെ കൈകളിലാണ്. താഴക്കിടയിലുള്ള 50 ശതമാനം ആളുകള്‍ ആകെ സമ്പത്തിന്റെ മൂന്ന് ശതമാനം മാത്രമാണ്. നികുതി പിരിക്കുന്നതിലും വിവേചനമാണ് സര്‍ക്കാര്‍ കാട്ടുന്നത്. 2021-22ല്‍ ജിഎസ്ടി ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചത് 14.83 ലക്ഷം കോടി രൂപയാണ്. ഇതില്‍ മേല്‍ത്തട്ടിലുള്ള 10 ശതമാനം പേരില്‍നിന്നുള്ള വിഹിതം വെറും മൂന്ന് ശതമാനം മാത്രം. താഴെത്തട്ടിലുള്ള 50 ശതമാനമാണ് 64 ശതമാനം വിഹിതവും സംഭാവന ചെയ്തത്.ഈ റിപ്പോര്‍ട്ട് രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക അസമത്വത്തിന് ഉദാഹരണമാണെന്നും നെറ്റ ഡിസൂസ പറഞ്ഞു.

കോവിഡാനന്തരം മോദിയുടെ ചങ്ങാതിമാരായ കോര്‍പറേറ്റ് മുതലാളിമാര്‍ സാമ്പത്തികമായി നേട്ടം ഉണ്ടാക്കിയപ്പോള്‍ 12 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായ സാഹചര്യമാണ് ഇന്ത്യയില്‍. തൊഴിലില്ലായ്മ നിരക്ക് ഓരോ വര്‍ഷവും കൂടിവരുന്നു. സാധാരണക്കാരും കര്‍ഷകരും ബാങ്ക് വായ്പ അടക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുമ്പോള്‍ മോദിയുടെ സുഹൃത്തുക്കളായ കോര്‍പറേറ്റുകള്‍ ബാങ്കുകളെ കബളിപ്പിച്ച് കോടികളുമായി സര്‍ക്കാര്‍ സംരക്ഷണയില്‍ രാജ്യം വിടുന്നു. അവരുടെ കടം എഴുതി തള്ളാന്‍ നടപടി സ്വീകരിക്കുന്ന മോദി സര്‍ക്കാര്‍ സാധാരണക്കാരന്റെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്നു.

പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനായി കോടികളാണ് പൊടിക്കുന്നത്. രാജ്യ സുരക്ഷ ഇത്രയേറെ വെല്ലുവിളി നേരിട്ട കാലഘട്ടമില്ല. ഇത്തരം കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സംഘ്പരിവാര്‍ രാഷ്ട്രീയത്തെ ഇന്ത്യന്‍ മണ്ണില്‍ നിന്ന് തുരത്തുക എന്ന ലക്ഷ്യമാണ് ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ ജനസമ്പര്‍ക്ക പരിപാടിയിലൂടെ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെന്നും നെറ്റ ഡിസൂസ പറഞ്ഞു.

Tags:    
News Summary - The program 'Hath Se Hath Jodo Abhiyan' will start in Kerala on Republic Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.