1. കഞ്ചാവ് കേസിൽ പിടിയിലായ കളമശ്ശേരി ഗവ. പോളിടെക്നിക് കോളജിലെ വിദ്യാർഥികൾ, 2. ഹോസ്റ്റലിൽ നിന്ന് കണ്ടെടുത്ത കഞ്ചാവ്
‘കളമശ്ശേരി പോളിടെക്നിക്കിൽ കഞ്ചാവുണ്ടെന്ന് പൊലീസിനെ അറിയിച്ചത് പ്രിൻസിപ്പൽ’; കൊച്ചി ഡെപ്യൂട്ടി പൊലീസ് കമീഷണർക്ക് നൽകിയ കത്ത് പുറത്ത്
കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്നിക് കോളജിൽ ലഹരി വസ്തുക്കൾ കണ്ടെത്തായി പ്രത്യേക പൊലീസ് സംഘം മിന്നൽ പരിശോധന നടത്തിയത് പ്രിൻസിപ്പൽ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ. 14-ാം തീയതി കാമ്പസിൽ ഹോളി ആഘോഷിക്കുന്നതിനിടെ വലിയ തോതിൽ ലഹരി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിൻസിപ്പൽ കത്ത് നൽകിയത്.
12-ാം തീയതി കൊച്ചി ഡെപ്യൂട്ടി പൊലീസ് കമീഷണർക്ക് പ്രിൻസിപ്പൽ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച രാത്രി പോളിടെക്നിക് കോളജിന്‍റെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ പൊലീസ് സംഘം മിന്നൽ പരിശോധന നടത്തിയത്.
പ്രിൻസിപ്പലിന്‍റെ കത്തിന്‍റെ പൂർണരൂപം
‘‘ഈ സ്ഥാപനത്തിൽ വിദ്യാർഥികൾ 14-ാം തീയതി ഉച്ച മുതൽ ഹോളി ആഘോഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി പദാർഥങ്ങളുടെ അനിയന്ത്രിത ഉപയോഗം അന്നേദിവസം ഉണ്ടാകുമെന്ന് വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് വിവരം കിട്ടിയിട്ടുണ്ട്. വിദ്യാർഥികൾ ഈ ആവശ്യത്തിനായി പണപ്പിരിവ് നടത്തിയതായി മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. കാമ്പസിനുള്ളിൽ ഈ അവസരത്തിൽ പൊലീസിന്‍റെ സാന്നിധ്യം ഉണ്ടാകണം. നിരീക്ഷണം കൂടുതൽ ശക്തമാക്കണം. കാമ്പസിനകത്തും പുറത്തും ലഹരി ഉപയോഗത്തിനെതിരെ ശക്തമായി നടപടി ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.’’
അതേസമയം, പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർഥികളെ ഇന്നലെ രാത്രി കൊച്ചിയിൽ നിന്ന് പ്രത്യേക പൊലീസ് സംഘം പിടികൂടിയിരുന്നു. പൂർവ വിദ്യാർഥികളായ ആഷിഖ്, ഷാരിൽ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.
വ്യാഴാഴ്ച രാത്രിയിലാണ് കളമശ്ശേരി ഗവ. പോളിടെക്നിക് കോളജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ കഞ്ചാവ് വേട്ട നടന്നത്. ഏഴ് മണിക്കൂർ നീണ്ട മിന്നൽ പരിശോധനയിൽ പൊലീസ് രണ്ടുകിലോ കഞ്ചാവ് പിടികൂടി. ഹോളി ആഘോഷത്തിന് ഹോസ്റ്റലിൽ വൻതോതിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കോളജിന്‍റെ പെരിയാർ ഹോസ്റ്റലിൽ പരിശോധന.
കോളജ് എസ്.എഫ്.ഐ യൂനിയൻ ജനറൽ സെക്രട്ടറിയടക്കം മൂന്ന് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. മൂന്നാം വർഷ വിദ്യാർഥികളായ കൊല്ലം വില്ലുമല പുത്തൻവീട് അടവിക്കോണത്ത് എം. ആകാശ് (21), ആലപ്പുഴ ഹരിപ്പാട് കാട്ടുകൊയ്ക്കൽ വീട്ടിൽ ആദിത്യൻ (20), കോളജ് എസ്.എഫ്.ഐ യൂനിയൻ ജനറൽ സെക്രട്ടറി കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് പനംതറയിൽ വീട്ടിൽ ആർ. അഭിരാജ് (21) എന്നിവരാണ് അറസ്റ്റിലായത്.
50ഓളം പേരടങ്ങുന്ന പൊലീസ് സംഘം സംയുക്തമായി പ്രിൻസിപ്പലിന്‍റെ അനുമതിയോടെ വ്യാഴാഴ്ച രാത്രി ഒമ്പതിന് ആരംഭിച്ച പരിശോധന പുലർച്ചെ നാലിനാണ് അവസാനിച്ചത്. ആകാശ് താമസിക്കുന്ന എഫ് 39 മുറിയിൽ നിന്ന് 1.909 കിലോ കഞ്ചാവും ആദിത്യനും അഭിരാജും താമസിക്കുന്ന ജി 11 മുറിയിൽനിന്ന് 9.70 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
വലിയ പൊതികളായി സൂക്ഷിച്ച കഞ്ചാവ് അലമാരയിൽ നിന്നാണ് കണ്ടെടുത്തത്. ഇതോടൊപ്പം കഞ്ചാവ് ആവശ്യക്കാർക്ക് തൂക്കിക്കൊടുക്കാൻ ത്രാസും മദ്യം അളക്കുന്നതിനുള്ള ഗ്ലാസും പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. ഇവിടെനിന്ന് മുമ്പും ചെറിയ തോതിൽ കഞ്ചാവ് പിടികൂടിയിട്ടുണ്ട്. ആകാശിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആദിത്യനും അഭിരാജിനും സ്റ്റേഷൻ ജാമ്യം നൽകി. അറസ്റ്റിലായ മൂന്ന് വിദ്യാർഥികളെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.