തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി നടത്തിയ രാഷ്ട്രീയ വിമർശനം പിടികിട്ടാതെ പരിഭാഷകനും മുഖ്യമന്ത്രിയും. മുഖ്യമന്ത്രിയെ പരാമർശിച്ച് രാഹുൽ ഗാന്ധിക്കും ഇൻഡ്യ സഖ്യത്തിനും എതിരെ നടത്തിയ വിമർശനമാണ് ആർക്കും മനസിലാകാതെ പോയത്. ഇതിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞു.
‘മുഖ്യമന്ത്രി പിണറായി വിജയന്‍ ഇൻഡ്യ മുന്നണിയുടെ പ്രധാനപ്പെട്ട തൂണാണല്ലോ. ശശി തരൂരും വേദിയില്‍ ഇരിക്കുന്നുണ്ട്. ഇന്നത്തെ ഈ ചടങ്ങ് പല ആളുകളുടെയും ഉറക്കം കെടുത്തും’ എന്ന് മോദി പ്രസംഗത്തിനിടെ പറഞ്ഞു. എന്നാൽ, പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയാൾക്ക് ഈ പറഞ്ഞ രാഷ്ട്രീയം പിടികിട്ടിയില്ല. ഇൻഡ്യ സഖ്യം എന്ന് പറഞ്ഞത് ഇന്ത്യൻ എയർലൈൻസ് എന്നാണ് കേട്ടത്.
'നമ്മുടെ എയർലൈൻസുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ശ്രദ്ധ ചെലുത്തണം' എന്നാണ് കേട്ടത്. പരിഭാഷകന് കാര്യം പിടികിട്ടിയില്ലെന്ന് മനസിലാക്കിയ മോദി 'അദ്ദേഹത്തിന് കഴിയുന്നില്ല' എന്നു പറയുകയും ചെയ്തു. അതേസമയം, തങ്ങൾക്കെതിരെ ഉയർത്തിയ ഒരു രാഷ്ട്രീയ ആരോപണം പിടികിട്ടിയില്ലെന്ന തരത്തിലായിരുന്ന വേദിയിലെ മുഖ്യമന്ത്രിയുടേയും പെരുമാറ്റം. അടുത്തിരുന്ന കേന്ദ്രമന്ത്രി ജോർജ് കുര്യനോട് മുഖ്യമന്ത്രി കാര്യം തിരക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.
അതേസമയം, പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് ശരിയായില്ലെന്നും സംസ്ഥാന സർക്കാറാണ് പരിഭാഷകനെ വെച്ചതെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു. എന്നാൽ, പരിഭാഷ നടത്തിയ സ്കൂൾ അധ്യാപകനായ പള്ളിപ്പുറം ജയകുമാർ 'ഞാനൊരു ബി.ജെ.പി അനുഭാവിയാണെന്നും ഓഡിയോ ശരിക്കും കേൾക്കാനാവാത്തതാണ് തെറ്റുപറ്റാൻ കാരണം' എന്നും മറുപടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.