ജനപ്രിയമായി 'ചിരി' ഹെൽപ് ലൈൻ; ഇതുവരെയെത്തിയത് 31,084 വിളികൾ

തിരുവനന്തപുരം: കുട്ടികളിലെ മാനസികസമ്മർദം ലഘൂകരിക്കാനും അവരെ ചിരിപ്പിക്കാനും കേരള പൊലീസ് ആരംഭിച്ച 'ചിരി' ഹെൽപ് ലൈൻ ജനപ്രിയമാകുന്നു. പദ്ധതി ആരംഭിച്ച് ഒരു വർഷത്തിനിടെ 31,084 പേർ സേവനം പ്രയോജനപ്പെടുത്തിയതായാണ് കണക്ക്.

കോവിഡ് വ്യാപനത്തെത്തുടർന്ന് വീട്ടിൽ തുടരാൻ നിർബന്ധിതരായ കുട്ടികൾക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതി തുടങ്ങിയത്. 2021 ജൂലൈ 12 മുതൽ 2022 ജൂലൈ 28 വരെയുള്ള കാലയളവിൽ കൂടുതൽ കാളുകൾ മലപ്പുറത്തുനിന്നാണ്. 2817 പേരാണ് ഇവിടെനിന്നു ഹെൽപ് ലൈനിൽ ബന്ധപ്പെട്ടത്. കേരളത്തിനു പുറത്തുനിന്ന് 294 പേരും ചിരി ഹെൽപ് ലൈനെ സമീപിച്ചു. കോവിഡ് സമയത്തെ ഓൺലൈൻ പഠനത്തിന്‍റെ ബുദ്ധിമുട്ടുകൾ, കൂട്ടുകാരെ കാണാനും സംസാരിക്കാനും കളിക്കാനും കഴിയാത്തതിന്‍റെ വിഷമം, കുടുംബവഴക്ക്, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് പ്രധാനമായും കുട്ടികൾ കാൾ സെൻററുമായി പങ്കുവെച്ചത്.

മൊബൈൽ ഫോണിന്‍റെ അമിതമായ ഉപയോഗം, കുട്ടികളുടെ ആത്മഹത്യഭീഷണി എന്നിവക്ക് പരിഹാരം തേടിയായിരുന്നു മാതാപിതാക്കളുടെ കാളുകളിൽ അധികവും. ഗുരുതരമായ മാനസികപ്രശ്നങ്ങൾക്ക് പരിഹാരം തേടി വിളിച്ചവരും ഇക്കൂട്ടത്തിലുണ്ട്. അവർക്ക് മനഃശാസ്ത്ര വിദഗ്ധരുടെ സേവനവും ലഭ്യമാക്കി. 'ചിരി'യുടെ 9497900200 എന്ന ഹെൽപ് ലൈൻ നമ്പറിലേക്ക് കുട്ടികൾക്ക് പുറമേ, അധ്യാപകർക്കും മാതാപിതാക്കൾക്കും ബന്ധപ്പെടാം.

Tags:    
News Summary - The popular 'laughter' helpline; So far 31,084 calls have been received

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.