തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിനെച്ചൊല്ലി രാഷ്ട്രീയപ്പോര് മുറുകി. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെയും അടൂർ പ്രകാശ് എം.പിയെയും പ്രതിക്കൂട്ടിലാക്കാൻ ഭരണപക്ഷം നേതൃത്വം നൽകുമ്പോൾ ഉദ്യോഗസ്ഥരുടെ സർട്ടിഫിക്കറ്റുൾപ്പെടെ പരിശോധിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ശിപാർശ നൽകിയതെന്ന് വിശദീകരിച്ച് പ്രതിപക്ഷം. തട്ടിപ്പിൽ ഇരുമുന്നണികളും ഒരേ തൂവൽപ്പക്ഷികളാണെന്ന ആരോപണവുമായി ബി.ജെ.പിയും രംഗം കൊഴുപ്പിക്കുന്നു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ശിപാർശപ്രകാരമാണ് വിദേശ മലയാളിക്ക് മൂന്നു ലക്ഷം രൂപ നൽകിയതെന്ന വിവരമാണ് പുറത്തുവന്നത്. എം.എൽ.എ എന്നനിലയില്‍ താൻ ഒപ്പിട്ട് നല്‍കിയത് അര്‍ഹനായ ആള്‍ക്കെന്ന് സതീശൻ പ്രതികരിച്ചു. രണ്ടു വൃക്കകളും തകരാറിലായ ആളെ വ്യക്തിപരമായി അറിയാം. വരുമാനം രണ്ടു ലക്ഷത്തില്‍ താഴെയാണെന്ന വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നു.
വിഷയത്തില്‍ വിശദ പരിശോധന നടത്തേണ്ടത് സര്‍ക്കാറാണെന്നും ഗോവിന്ദന് മാസ്റ്ററുടെ പ്രസ്താവന പദവിക്ക് നിരക്കാത്തതാണെന്നും സതീശന് കുറ്റപ്പെടുത്തി. തിരുവനന്തപുരം അഞ്ചുതെങ്ങിൽ 16 അപേക്ഷകളിൽ പണം അനുവദിച്ചത് അടൂർ പ്രകാശ് എം.പിയുടെ ശിപാർശപ്രകാരമാണെന്നാണ് മറ്റൊരു ആക്ഷേപം.
എം.പിയെന്ന നിലയിൽ ശിപാർശ നൽകിയെന്നും അപേക്ഷകൾ പരിശോധിച്ച് തുക അനുവദിക്കേണ്ട ഉത്തരവാദിത്തം സർക്കാർ വൃത്തങ്ങൾക്കാണെന്നും അടൂർ പ്രകാശ് പറഞ്ഞു. തട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത് സർക്കാറിനെയും സി.പി.എമ്മിനെയും സമ്മർദത്തിലാക്കുന്നുണ്ട്. വി.ഡി. സതീശൻ അടക്കം പ്രതിപക്ഷ ജനപ്രതിനിധികളുടെ ശിപാർശ വിവരങ്ങൾ ആയുധമാക്കിയാണ് സി.പി.എം പ്രതിരോധിക്കുന്നത്. ഫണ്ട് തട്ടിപ്പിൽ പരിശോധന ആവശ്യപ്പെട്ടത് മുഖ്യമന്ത്രിതന്നെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.