നിലമ്പൂര്‍: ശനിയാഴ്ച അർധ രാത്രി പി.വി. അന്‍വറിന്‍റെ ഒതായിയിലെ വീട്ടിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതിൽ വിശദീകരണവുമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും എം.എൽ.എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. പാർട്ടി ചുമതലപ്പെടുത്തിയിട്ടല്ല അൻവറിന്‍റെ വീട്ടിൽ പോയതെന്നും പിണറായിസത്തിനെതിരായ പോരാട്ടത്തിൽ യു.ഡി.എഫിനെ പിന്തുണക്കണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടതെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
അൻവറിന്‍റെ വീട്ടിലെത്തിയതിന്‍റെയും ഹസ്തദാനം ചെയ്യുന്നതിന്‍റെയും വിഡിയോ പുറത്തുവന്നത് വിവാദമായ പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ പ്രതികരണം.
യു.ഡി.എഫിലെ ഒരുവിഭാഗത്തിനും രാഹുലിന്‍റെ നടപടിയിൽ കടുത്ത അതൃപ്തിയുണ്ട്. അൻവർ പിണറായിസത്തിനെതിരായ പോരാട്ടം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അതിൽ ജയിക്കാൻ കഴിയുക യു.ഡി.എഫിനാണ്. ആ യു.ഡി.എഫിനെ പിന്തുണക്കണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. അത് ഏതെങ്കിലും ഒരു ചുമതലയുടെ അടിസ്ഥാനത്തിലോ, അനുനയത്തിന്‍റെ ഭാഗമായോ അല്ലെന്നും രാഹുൽ വിശദീകരിച്ചു. ‘അൻവൻ എന്നയാളോട് ഏതെങ്കിലും കാലത്ത് രാഷ്ട്രീയമോ, വ്യക്തിപരമോ ആയ താൽപര്യം തോന്നിയിട്ടില്ല. അൻവർ രാഹുൽ ഗാന്ധിക്കെതിരെയും വി.ഡി. സതീശനെതിരെയും കെ.സി. വേണുഗോപാലിനെതിരെയും സംസാരിക്കുമ്പോൾ അതിനെതിരെ ശക്തമായി പോരാട്ടം നടത്തിയിട്ടുള്ളയാളാണ് ഞാൻ. എന്നാൽ, അൻവർ പിണറായിസത്തിനെതിരെ സംസാരിക്കാൻ തുടങ്ങിയ നിമിഷം മുതലാണ് അൻവറിനോടും അദ്ദേഹം പറയുന്ന കാര്യങ്ങളോടും യോജിക്കുന്നത്. കാരണം ഞങ്ങൾ പറയുന്നും പറഞ്ഞുകൊണ്ടിരിക്കുന്നതുമായ കാര്യമാണ് അദ്ദേഹവും പറയുന്നത്. പിണറായിസം വേട്ടയാടിയ ഒരാളാണ് ഞാൻ. നാലു തവണയായി 40 ദിവസമാണ് പിണറായിയുടെ പൊലീസ് ജയിലിലിട്ടത്’ -രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
അൻവറിനെ കാണാൻ പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ല, അതിന് മുതിർന്ന നേതാക്കളുണ്ട്. അൻവർ പിണറായിസത്തിനെതിരെ സംസാരിച്ച നേതാവാണ്, അതിവൈകാരികമായി തീരുമാനം എടുക്കരുതെന്നാണ് അദ്ദേഹത്തോട് പറഞ്ഞത്. പിണറായിസത്തിന്‍റെ തിക്തഫലം അനുഭവിച്ച ഒരാള്‍ ആ ട്രാക്കില്‍ നിന്ന് മാറരുതെന്ന് പറഞ്ഞു. മുന്നണിയിലെടുക്കുന്നത് സംബന്ധിച്ചോ അന്‍വറിന്‍റെ ഉപാധികളെക്കുറിച്ചോ ചര്‍ച്ച ചെയ്തിട്ടില്ല. അൻവറിന്‍റെ കാലുപിടിക്കാനല്ല പോയതെന്നും രാഹുല്‍ വ്യക്തമാക്കി.
നിലമ്പൂരിൽ മത്സരിക്കാൻ പി.വി. അൻവർ തയാറെടുക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് അനുനയ നീക്കവുമായി രാഹുൽ അദ്ദേഹത്തിന്‍റെ വീട്ടിലെത്തുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ചശേഷം യു.ഡി.എഫിലേക്ക് ഇനിയില്ലെന്ന് അൻവർ വ്യക്തമാക്കിയിരുന്നു. കൂടിക്കാഴ്ചക്കുശേഷം പുറത്തിറങ്ങിയപ്പോൾ ‘ഓൾ ദ് ബെസ്റ്റ്’ എന്ന് അൻവറും ‘ഗുഡ്നൈറ്റ്’ എന്ന് രാഹുലും പറയുന്നുണ്ട്. ഔദ്യോഗിക ചർച്ചയല്ലെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്.
വിവാദം കത്തിച്ചുനിർത്തി നിലമ്പൂരിൽ മത്സരിക്കാനാണ് അൻവറിന്റെ നീക്കമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. സമ്മർദതന്ത്രമെന്ന നിലക്കാണെങ്കിലും നിലമ്പൂരിൽ മത്സരിക്കുമെന്ന സൂചനയാണ് അൻവർ നൽകിയത്. ആര്യാടൻ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിക്കണമെന്ന യു.ഡി.എഫ് ഉപാധിക്ക് വഴങ്ങാതിരുന്ന അൻവർ, ഷൗക്കത്ത് നിലമ്പൂരിൽ മികച്ച സ്ഥാനാർഥിയല്ലെന്ന് പറയാൻ കാരണങ്ങളുണ്ടെന്ന് ആവർത്തിക്കുകയാണ് ചെയ്തത്.
ഫലത്തിൽ നിലമ്പൂരിലെ സ്ഥാനാർഥിയെ അംഗീകരിക്കണമെന്ന യു.ഡി.എഫ് ഏകോപന സമിതി നിർദേശം അൻവർ തള്ളുകയായിരുന്നു. അൻവറുമായി ചർച്ച വേണ്ടെന്ന തീരുമാനത്തിലേക്ക് യു.ഡി.എഫ് അന്തിമമായി എത്താൻ കാരണമിതാണ്. പ്രശ്നപരിഹാരത്തിന് പി.കെ. കുഞ്ഞാലിക്കുട്ടി അടക്കം ഇടപെട്ട് നടത്തിയ മാരത്തൺ ചർച്ചകളാണ് വിഫലമായത്. അൻവർ മത്സരിച്ചാലും പ്രശ്നമില്ലെന്ന നിലപാടിലാണ് വി.ഡി. സതീശനടക്കം കോൺഗ്രസ് നേതാക്കൾ. ഇരു മുന്നണികളും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിൽ അൻവർ നിഷ്പ്രഭമാകുമെന്ന വിലയിരുത്തിലാണ് ഈ വിഭാഗം. എന്നാൽ, മുൻ എം.എൽ.എയായ അൻവർ മത്സരിച്ചാലുള്ള അപകടസാധ്യതകൾ മുസ്‍ലിം ലീഗ് നേതൃത്വം മുന്നിൽ കാണുന്നുണ്ട്. അൻവർ പിടിക്കുന്നത് കുറഞ്ഞ വോട്ടുകളാണെങ്കിലും അവ യു.ഡി.എഫ് വോട്ടുകളാവുമെന്ന മുന്നറിയിപ്പ് ഈ നേതാക്കൾ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.