പാലക്കാട്: അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവും ലാൻഡ് റവന്യൂ കമീഷണറുടെ നിർദേശവും ലംഘിച്ച് ആലപ്പുഴ, പാലക്കാട്, തൃശൂർ ജില്ലകളിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലെ (വി.എഫ്.എ) ജീവനക്കാരെ സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കി. ചേർത്തലയിൽ 11, തൃശൂരിൽ ആറ്, പാലക്കാട്ട് 13 ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവാണ് റദ്ദാക്കിയത്. ലാൻഡ് റവന്യൂ കമീഷണർ ഡോ. എ. കൗശിക് റവന്യൂ ഓഫിസുകളിലേക്ക് അയച്ച ഉത്തരവിൽ അനധികൃത സ്ഥലംമാറ്റം സംബന്ധിച്ച് വിശദീകരണം ചോദിച്ചിട്ടുമുണ്ട്. റവന്യൂ വകുപ്പിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെ അനധികൃത സ്ഥലംമാറ്റം സംബന്ധിച്ച് ‘മാധ്യമം’ തുടർച്ചയായി വാർത്തകൾ നൽകിയിരുന്നു.
വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലെ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റം ഓൺലൈൻ പോർട്ടലായ എച്ച്.ആർ.എം.എസ് മുഖേന മാത്രമേ നടപ്പാക്കാൻ പാടുള്ളൂവെന്നാണ് നേരത്തെയുള്ള നിർദേശം. ആ സംവിധാനമൊരുങ്ങും വരെ ജീവനക്കാരുടെ കൂട്ട സ്ഥലംമാറ്റം നടപ്പാക്കുന്നത് നിരോധിച്ച് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് നിലവിലുണ്ട്. ലാൻഡ് റവന്യൂ കമീഷണർ കലക്ടർമാർക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയിരുന്നു. ഇവ നിലനിൽക്കേയാണ് മൂന്ന് ജില്ലകളിൽ വി.എഫ്.എ തസ്തികയിലെ ജീവനക്കാരെ സ്ഥലം മാറ്റിയത്.
റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുള്ള അധികാരം എ.ഡി.എമ്മിനോ തഹസിൽദാർക്കോ ഇല്ലെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് നിലനിൽക്കേയായിരുന്നു സ്ഥലംമാറ്റ ഉത്തരവ്. ചേർത്തല തഹസിൽദാർ ജൂലൈ എട്ട്, പാലക്കാട് ഡെപ്യൂട്ടി കലക്ടർ (ജനറൽ) ജൂലൈ 18 , തൃശൂർ തഹസിൽദാർ ജുലൈ 24 തീയതികളിലാണ് സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്. ഇതനുസരിച്ച് ജീവനക്കാർ പുതിയ ഓഫിസുകളിലെത്തുകയും ചെയ്തു.
പാലക്കാട്, തൃശൂർ കലക്ടർമാർ ഇതിനകം സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി ഉത്തരവിറക്കി. ചേർത്തല താലൂക്കിലെ സ്ഥലംമാറ്റ ഉത്തരവും വരും ദിവസങ്ങളിൽ റദ്ദാക്കും .സ്ഥലംമാറ്റ ഉത്തരവ് കോടതിയലക്ഷ്യ നടപടിക്ക് കാരണമാകുമെന്നതിനാൽ അഡ്വക്കറ്റ് ജനറൽ കാര്യാലയത്തിലെ സീനിയർ ഗവ. പ്ലീഡറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് റദ്ദാക്കൽ നിർദേശമിറങ്ങിയത്.
മൂവാറ്റുപുഴ താലൂക്കിൽ ഏനാനല്ലൂർ വില്ലേജിൽനിന്ന് മണീട് വില്ലേജിലേക്ക് മൂവാറ്റുപുഴ തഹസിൽദാർ നടത്തിയ സ്ഥലംമാറ്റം ചോദ്യം ചെയ്ത് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് എം.യു. ബിനു നൽകിയ ഹരജിയിലാണ് 2024 നവംബർ 11ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് ഉണ്ടായത്.
റവന്യൂ വകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റം നിലവിൽ വന്നതിന് ശേഷം തഹസിൽദാർ/സീനിയർ സൂപ്രണ്ട് തസ്തിക വരെയുളള ജീവനക്കാരെ ഒരു റവന്യു സ്റ്റേഷനിൽനിന്ന് മറ്റൊരു സ്റ്റേഷനിലേക്ക് സ്ഥലംമാറ്റുന്നത് വകുപ്പ് അധ്യക്ഷനായ ലാൻഡ് റവന്യൂ കമീഷണറാണ്. സ്റ്റേഷനകത്ത് നിയമിച്ച ജീവനക്കാരെ സ്റ്റേഷനുളളിലെ വിവിധ ഓഫിസുകളിലേക്കുളള നിയമനം നടത്തുന്നത് ബന്ധപ്പെട്ട കലക്ടറാണ്. എൻട്രി കേഡറിലുള്ള ജീവനക്കാരുടെ ജില്ലക്കകത്തുള്ള സ്ഥലംമാറ്റങ്ങൾ നടത്താൻ കലക്ടർക്കാണ് അധികാരമെന്ന് നിയമസഭ ചോദ്യത്തിനുള്ള ഉത്തരമായി റവന്യൂമന്ത്രി തന്നെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ചായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് ഇറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.