കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നടക്കുന്ന വിവിധ പരിപാടികളിൽ ദേശവിരുദ്ധമായി ഒന്നുമില്ലെന്ന് ഉറപ്പുവരുത്താൻ പ്രത്യേക നിരീക്ഷണ സമിതിയുണ്ടാക്കിയ വൈസ് ചാൻസലറുടെ ഉത്തരവ് പിൻവലിച്ചു. എസ്.എഫ്.ഐ പ്രതിഷേധത്തിനു പുറമെ സിൻഡിക്കേറ്റ് യോഗത്തിൽ അംഗങ്ങൾ എതിർത്തതാണ് വി.സിയുടെ പിൻമാറ്റത്തിന് കാരണം.
സർവകലാശാല ഭരണകാര്യാലയത്തിൽ സിൻഡിക്കേറ്റ് യോഗം നടക്കുന്ന സമയത്താണ് പുറത്ത് പ്രതിഷേധവുമായി എസ്.എഫ്.ഐ പ്രവർത്തകർ എത്തിയത്. ശാഖയല്ല, സർവകലാശാലയാണ് എന്ന ബാനറുമായി എത്തിയ പ്രവർത്തകർ ഭരണ കാര്യാലയത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷാവസ്ഥയുണ്ടാക്കി. വിവാദ ഉത്തരവിനെതിരെ സിൻഡിക്കേറ്റിലെ ഭൂരിപക്ഷം അംഗങ്ങളും എതിർത്തു.
ഇതോടെ, ഉത്തരവ് പിൻവലിക്കുന്നതായി വൈസ് ചാൻസലർ യോഗത്തെ അറിയിക്കുകയായിരുന്നു. സർവകലാശാലയിലെ പരിപാടികളുടെ ഉള്ളടക്കം നിരീക്ഷിക്കാനായി വൈസ് ചാൻസലർ ഡോ. കെ.കെ. സാജുവിന്റെ നിർദേശപ്രകാരമായിരുന്നു രജിസ്ട്രാർ ഏഴംഗ സമിതി രൂപവത്കരിച്ചു ഉത്തരവിറക്കിയത്. സർവകലാശാലയിലെ പരിപാടികൾക്ക് മൂക്കുകയറിടുന്നതാണ് ഉത്തരവെന്നാണ് ആരോപണം. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായി വിമർശിക്കുന്ന ചിലർ സർവകലാശാലയിലെ ചില പരിപാടികളിൽ അടുത്തിടെ പങ്കെടുത്തിരുന്നു.
ഇതിൽ പ്രതിഷേധിച്ച് സംഘ്പരിവാർ സംഘടനകൾ പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ചാൻസലറായ ഗവർണറുടെ നോമിനിയായ വൈസ് ചാൻസലറുടെ ഉത്തരവെന്നാണ് സൂചന. സർവകലാശാല രജിസ്ട്രാർ, ഡെവലപ്മെന്റ് ഓഫിസർ പ്രഫ. വി.എ. വിൽസൺ, നീലേശ്വരം കാമ്പസിലെ മലയാളം പഠനവകുപ്പ് മേധാവി ഡോ. വി. റീജ, നീലേശ്വരം കാമ്പസിലെ ഹിന്ദി പഠനവകുപ്പ് മേധാവി ഡോ. കെ. പ്രീതി, മാങ്ങാട്ടുപറമ്പ് കാമ്പസിലെ ബിഹേവിയറൽ സയൻസ് മേധാവി ഡോ. ജോൺസൻ അലക്സ്, പയ്യന്നൂർ കാമ്പസിലെ ഫിസിക്സ് പഠനവകുപ്പ് മേധാവി ഡോ. എൻ.കെ. ദീപക്, പാലയാട് കാമ്പസിലെ ഇംഗ്ലീഷ് പഠനവകുപ്പ് മേധാവി ഡോ. കെ.കെ. കുഞ്ഞമ്മദ് എന്നിവരായിരുന്നു സമിതിയംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.