തിരുവനന്തപുരം: ബോട്ടുകളുടെ ലൈസൻസ് ഫീസ് നിരക്ക് പുനഃക്രമീകരിക്കണമെന്ന് ആവശ്യം ശക്തം. ചെറു ബോട്ടുകൾക്കും വലിയ ബോട്ടുകൾക്കും ഒരേ ഫീസ് നിരക്ക് ഏർപ്പെടുത്തിയത് അശാസ്ത്രീയമാണ്. ഈ ഫീസ് നിരക്കിൽ മാറ്റം വരുത്തണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. വർഷങ്ങളായുള്ള ഈ ആവശ്യം പുതിയ സർക്കാർ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകളും മത്സ്യത്തൊഴിലാളികളും.
2018 ൽ എല്ലാ മത്സ്യബന്ധന ബോട്ടുകൾക്കും ഒരേ ലൈസൻസ് ഫീസാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ചെറിയ ബോട്ടുകൾക്ക് മുമ്പ് 2120 രൂപയായിരുന്നു ഫീസ് നിരക്ക്. ഇത് പിന്നീട് 12 ഇരട്ടിയായി വർധിപ്പിച്ച് 26250 രൂപയാക്കി. വലിയ ബോട്ടുകൾക്കും ഇതേ ഫീസാണ് ഏർപ്പെടുത്തിയത്. 100 എച്ച്.പി മുതൽ 120 എച്ച്.പി വരെയുള്ള എൻജിൻ പവർ ഉപയോഗിച്ച് പരമാവധി 10 നോട്ടിക്കൽ മൈൽ പോയി മത്സ്യബന്ധനം നടത്തുന്ന ചെറിയ ബോട്ടുകാർക്ക് നിരക്ക് ഉയർത്തിയത് തിരിച്ചടിയാണ്.
നിരക്ക് വർധിപ്പിച്ചത് മത്സ്യത്തൊഴിലാളികൾക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. പുതിയ സർക്കാർ അധികാരത്തിലേറിയാൽ ഇതിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. 20,000 രൂപയിലധികം ചെലവഴിച്ചാണ് ഓരോ ചെറിയ ബോട്ടുകളും മത്സ്യബന്ധനത്തിന് പോകുന്നത്. മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ നിത്യ ചെലവിന് പോലും വഴിയില്ലാതെ കഴിയുന്ന സമയത്താണ് സർക്കാർ പത്തിരട്ടിയിലധികം ഫീസ് ഈടാക്കിയതെന്ന ആക്ഷേപവും ഉയർന്നിരുന്നു.
ഡീസൽ സബ്‌സിഡി നിർത്തലാക്കിയതിൽ നേരത്തെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധം ഉയർത്തിയിരുന്നു. കഴിഞ്ഞ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളിൽ യു.ഡി.എഫ് സർക്കാറിലൂടെ മാറ്റം വരുത്തുമെന്ന വിശ്വാസത്തിലാണ് ബോട്ടുടമകളും മത്സ്യത്തൊഴിലാളികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.