ഫോർട്ട്കൊച്ചി: വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ മദ്യലഹരിയിൽ അയൽവാസിയുടെ ആക്രമണം. കുട്ടികളുടെ സൈക്കിളെടുത്ത് അവരുടെ ദേഹത്തേക്ക് എറിഞ്ഞതിനെത്തുടർന്ന് 14കാരന്റെ കാൽവിരൽ അറ്റുതൂങ്ങി. ഫോർട്ട്കൊച്ചി ബീച്ച് റോഡിൽ സുബിൻ സാമുവലിന്റെ മകൻ മിലൻ സാമുവലിനാണ് (14) ഗുരുതര പരിക്കേറ്റത്. വിദ്യാർഥിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി.
വീടിന് സമീപം വഴിയരികിൽ കളിച്ചുകൊണ്ട് നിൽക്കുകയായിരുന്നു മിലനും മൂന്ന് സുഹൃത്തുക്കളും. ഈ സമയം ഇതുവഴി വന്ന അയൽവാസി ദാസ് കുട്ടികളോട് കയർക്കുകയും അവിടെയുണ്ടായിരുന്ന കുട്ടികളുടെ സൈക്കിളിൽ ചവിട്ടുകയും പിന്നീട് മിലന്റെ ദേഹത്തേക്ക് സൈക്കിളെടുത്ത് എറിയുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. മിലന്റെ കൂട്ടുകാരന്റെ കഴുത്തിൽ പിടിച്ചതായും ഹെൽമറ്റുകൊണ്ട് തല്ലിയതായും പരാതിയുണ്ട്.
ഫോർട്ട്കൊച്ചി വെളി എഡ്വേർഡ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മിലൻ. കുട്ടികളുടെ കരച്ചിൽകേട്ട് സമീപ വീടുകളിൽനിന്നുള്ള വീട്ടമ്മമാർ എത്തിയതോടെ ദാസ് കടന്നുകളഞ്ഞു. കേസെടുത്തതായി തോപ്പുംപടി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.