കൊട്ടിക്കലാശത്തിനിടെ വിവിധയിടങ്ങളിൽ സംഘർഷം: പൊലീസ് ലാത്തി വീശി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ വിവിധയിടങ്ങളിൽ സംഘർഷം. പ്രവർത്തകരെ പിരിച്ചു വിടാൻ പൊലീസ് ലാത്തി വീശി.

ഹരിപ്പാട്ടുണ്ടായ സംഘർഷത്തിൽ എസ്.ഐ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. കൊട്ടിക്കലാശത്തിന് ശേഷം പിരിഞ്ഞുപോകുന്നതിനിടെ ഹരിപ്പാട്ട് എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കല്ലേറിൽ എസ്.ഐയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരുമടക്കം പത്തോളം പേർക്ക് പരിക്കേറ്റു. 6.15ന് നഗരമധ്യത്തിലെ എഴിക്കകത്ത് ജങ്ഷനിലായിരുന്നു സംഭവം.

ടൗൺഹാൾ ജങ്ഷനിലായിരുന്നു എൽ.ഡി.എഫിന് കൊട്ടിക്കലാശത്തിന് പൊലീസ് അനുമതി നൽകിയത്. വൈകിട്ട് ആറു കഴിഞ്ഞ് ഇവിടെ നിന്നും പിരിഞ്ഞ പ്രവർത്തകർ എഴിക്കകത്ത് ജങ്ഷനിലൂടെ കടന്നുപോകുന്നതിനിടെ യു.ഡി.എഫ് പ്രവർത്തകരുമായി തർക്കമുണ്ടായി. ആദ്യം കൊടികൊണ്ടാണ് പരസ്പരം മർദിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ട് പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെ കല്ലേറുണ്ടായി. 10 മിനിറ്റോളം സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നു. കൂടുതൽ പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്.

കളമശ്ശേരിയിൽ ഉന്തും തള്ളുമുണ്ടായി. വടകരയിലും തർക്കമുണ്ടായി. പാമ്പാടിയിൽ നടന്ന കൊട്ടിക്കലാശത്തിനിടയിൽ സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ബി.ജെ.പിയുടെ പ്രചാരണ വാഹനത്തിന് മുകളിൽ സി.പി.എം പ്രവർത്തകർ കയറിയത് സംഘർഷത്തിന് കാരണമായി. തുടർന്ന് നടന്ന തർക്കത്തിൽ വാഹനത്തിന്റെ ഡ്രൈവർക്ക് മർദ്ദനമേറ്റു. തുടർന്ന് വാഹനത്തിന് മുകളിൽ നിന്ന ബി.ജെ.പി പ്രവർത്തകനെ കൊടികെട്ടിയ പൈപ്പ് ഉപയോഗിച്ച് അടിക്കുകയും ഇത് സംഘർഷത്തിന് കാരണമാക്കുകയും ചെയ്തു. ഇരുകൂട്ടരും ചേരി തിരിഞ്ഞു മുദ്രാവാക്യം വിളിച്ചു. നേതാക്കളും പൊലീസും ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്.

പട്ടാമ്പിയിലെ പലയിടങ്ങളിൽ കല്ലേറും കൂട്ടത്തല്ലും ഉണ്ടായി. എൽ.ഡി.എഫ്-യു.ഡി.എഫ് റാലികൾ കടന്നു പോകുമ്പോൾ യു.ഡി.എഫ് പ്രവർത്തകർ എൽ.ഡി.എഫ് പ്രവർത്തകർക്ക് നേരെ കല്ലെറിയുകയായിരുന്നു. ഇത് കൂട്ടത്തല്ലിനിടയാക്കി. സംഭവത്തിൽ മൂന്ന് സി.പി.എം പ്രവർത്തകർക്കും ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. പൊലീസ് ലാത്തി വീശിയതോടെയാണ് സംഘർഷം അവസാനിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരളത്തിലെ പ്രളയം മനുഷ്യനിർമിതമാണെന്ന് ആരോപണം ഉയർത്തിയതിന് പിന്നാലെ പത്തനംതിട്ടയിൽ യു.ഡി.എഫ് കൊട്ടിക്കലാശത്തിൽനിന്ന് വിട്ടുനിന്നു. പാലായിൽ യു.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പനും കൊട്ടിക്കലാശത്തിൽ പങ്കെടുത്തില്ല. കൊട്ടിക്കലാശത്തിനായുള്ള പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു.

Tags:    
News Summary - Clashes erupt at various places during Kottikala: Police resort to lathicharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.