തിരുവനന്തപുരം: നിയമസഭ, തദ്ദേശ തെഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർപട്ടിക നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കറും തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചുമതലക്കാരനായ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാനുമുൾപ്പെടെ ഉദ്യോഗസ്ഥർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
നിലവിൽ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തയാറാക്കുന്നതും തദ്ദേശ തെരഞ്ഞെടുപ്പിനായി സംസ്ഥാന സർക്കാറിന് കീഴിലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ സജ്ജമാക്കുന്നതുമായ രണ്ട് വോട്ടർ പട്ടികകളാണുള്ളത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ പട്ടിക നിയമസഭ മണ്ഡലത്തിലെ പോളിങ് ബൂത്തുകൾ പ്രകാരവും തദ്ദേശ തെരഞ്ഞെടുപ്പിന്റേത് വാർഡ് അടിസ്ഥാനത്തിലുമായതിനാൽ ഒന്നിച്ചാക്കാൻ പ്രയാസമാണെന്ന് യോഗം വിലയിരുത്തി. വാർഡ് അടിസ്ഥാനത്തിലല്ല കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ പോളിങ് ബൂത്തുകളുടെ ക്രമീകരണം.
കൂടാതെ, കേന്ദ്ര കമീഷന്റെ പട്ടികയിൽ വോട്ടർമാരെ ചേർക്കാനും വിവരങ്ങൾ ശേഖരിക്കാനും ബൂത്ത് ലെവൽ ഓഫിസർമാരും (ബി.എൽ.ഒ) ഇത് പരിശോധിച്ച് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാരായി (ഇ.ആർ.ഒ) പ്രവർത്തിക്കാൻ ഡെപ്യൂട്ടി കലക്ടർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് ബി.എൽ.ഒമാരില്ല.
തദ്ദേശ സെക്രട്ടറിമാർ തന്നെയാണ് ഇ.ആർ.ഒ. ഇത്തരം വ്യത്യസ്തമായ സാഹചര്യങ്ങൾ കണ്ടാണ് നീക്കം ഉപേക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.