ഫാഷിസത്തെ ഒന്നാംനമ്പർ ശത്രുവായിക്കാണുന്ന ഇടതുപക്ഷക്കാർ കോൺഗ്രസ്‌ തകരരുതെന്ന് ആഗ്രഹിക്കും -നിലപാടിലുറച്ച് ബിനോയ് വിശ്വം

കോൺഗ്രസുമായി ഇടതുപാർട്ടികൾ സഹകരിക്കണമെന്ന ആവശ്യം വീണ്ടുമുയർത്തി സി.പി.ഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം. ഇടതുപക്ഷത്തിന് യോജിക്കാനാകാത്ത ഒട്ടേറെ തെറ്റുകുറ്റങ്ങളുള്ള പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ, കോൺഗ്രസ് തകർന്നാലുണ്ടാകുന്ന ശൂന്യത നികത്താൻ ഇടതുപക്ഷത്തിന് കെൽപ്പില്ല. ഫാഷിസത്തെ ഒന്നാംനമ്പർ ശത്രുവായിക്കാണുന്ന ഇടതുപക്ഷക്കാർ കോൺഗ്രസ്‌ തകരരുതെന്ന് ആഗ്രഹിക്കുമെന്നും ബിനോയ് വിശ്വം മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

കോൺഗ്രസുണ്ടാക്കിയ തകർച്ചയിലേക്ക് കടന്നുവരുന്നത് ബി.ജെ.പിയാണ്. അതുകൊണ്ടാണ് ഫാഷിസത്തെ ഒന്നാംനമ്പർ ശത്രുവായിക്കാണുന്ന ഇടതുപക്ഷക്കാർ കോൺഗ്രസ്‌ തകരരുതെന്ന് ആഗ്രഹിക്കുന്നത്. ചില സന്ദിഗ്ധഘട്ടങ്ങളിൽ തീരുമാനങ്ങൾ വൈകിയാൽ രാജ്യം വലിയ വിലകൊടുക്കേണ്ടിവരും. ആർ.എസ്.എസ്, ബി.ജെ.പി തേർവാഴ്ചയ്ക്കു മുന്നിൽ നിൽക്കുമ്പോൾ ആ സത്യം മറന്നുകൂടായെന്നും ബിനോയ് വിശ്വം ലേഖനത്തിലൂടെ ഓർമപ്പെടുത്തുന്നു.

കോൺഗ്രസുമായി ഇടത് പാർട്ടികൾ സഹകരിക്കണമെന്ന് ബിനോയ് വിശ്വം നേരത്തെയും അഭിപ്രായമുയർത്തിയിരുന്നു. ബിനോയ് വിശ്വത്തിന്‍റെ നിലപാടിനെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേ​​ന്ദ്രനും രംഗത്തെത്തിയിരുന്നു. കോൺഗ്രസ്​ തകർന്നാൽ വിടവ്​ നികത്താൻ ഇടതുപക്ഷത്തിനാവില്ലെന്ന​ ബിനോയ്​ വിശ്വത്തിന്‍റെ പ്രസ്താവന ഒരു യാഥാർഥ്യമാണെന്നാണ് കാനം അഭിപ്രായപ്പെട്ടത്. സി.പി.ഐക്കും സി.പി.എമ്മിനും രണ്ട്​ നിലപാടുള്ളതിനാലാണ്​ രണ്ട്​ പാർട്ടിയായി നിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാൽ, സി.പി.ഐ നേതാക്കളുടെ അഭിപ്രായം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നയങ്ങളാണ് ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്. കോൺഗ്രസിന്‍റെ വർഗീയ പ്രീണന നയം ബി.ജെ.പി ഉപയോഗപ്പെടുത്തുകയായിരുന്നു. സംഘപരിവാറിന്‍റെ വർഗീയ രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ സംഘടനാപരമായോ പ്രതിരോധം തീർക്കാൻ കോൺഗ്രസ്‌ തയ്യാറാകാത്തത് കോൺഗ്രസിന്‍റെ തകർച്ചയെ സൂചിപ്പിക്കുന്നുവെന്നും കോടിയേരി കുറ്റപ്പെടുത്തി.

Tags:    
News Summary - The Left which sees fascism as its number one enemy wants the Congress not to collapse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.