ഷിജുവിൻ്റെ മൃതദേഹത്തിനരികിൽ ഭാര്യ ബിൻസിയും മകൾ ഹെലനും (ഇൻസൈറ്റിൽ ഷിജു).

12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഷിജു നാടണഞ്ഞത് ചേതനയറ്റ്; പിതാവിനെ ആദ്യമായി കണ്ട ഹെലന് നൽകാനായത് അന്ത്യചുംബനം...

ഹരിപ്പാട്: 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നിയമക്കുരുക്കുകളെല്ലാം മറികടന്ന് പ്രവാസ ലോകത്തുനിന്നും ഷിജു നാടണഞ്ഞത് ചേതനയറ്റ്. 15 വയസ്സിനിടയിൽ ആദ്യമായി കണ്ട പ്രിയപ്പെട്ട പിതാവിന് ഹെലന് നൽകാനായത് അന്ത്യചുംബനം. സൗദിയിൽ മരണപ്പെട്ട പളളിപ്പാട് പുല്ലമ്പട തയ്യിൽ വീട്ടിൽ പരേതനായ കൊച്ചു കുഞ്ഞിൻ്റെ മകൻ ഷിജുവിൻ്റെ (49) മൃതദേഹം നാട്ടിലെത്തിയപ്പോൾ ബന്ധുക്കളുടെ സങ്കടം ഹൃദയഭേദകമായിരുന്നു.

വർഷങ്ങളായി വിരഹത്തിൻ്റെ ചുട്ടുപൊള്ളുന്ന നൊമ്പരങ്ങൾ പേറിക്കഴിഞ്ഞ കുടുംബത്തിലേക്ക് ഷിജുവിൻ്റെ വിയോഗം സൃഷ്ടിച്ച തോരാ കണ്ണീർ പെയ്തിറങ്ങിയപ്പോൾ പള്ളിപ്പാട് ഗ്രാമത്തിലും സങ്കട പുഴയൊഴുകി. തയ്യിൽ വീട്ടിൽ പരേതനായ കൊച്ചു കുഞ്ഞിൻ്റെ മകൻ ഷിജു (49) സൗദി അറേബ്യയിലെ ജുബൈലിൽ കഴിഞ്ഞ അഞ്ചിനായിരുന്നു മരണപ്പെട്ടത്. ഉറക്കത്തിൽ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.  ജുബൈലിലെ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മുതദേഹം വെള്ളിയാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. സംസ്ക്കാരം ശനിയാഴ്ച രണ്ടരയോടെ പള്ളിപ്പാട് സെൻ്റ് തോമസ് ഓർതഡോക്സ് കത്തോലിക്കേറ്റ് സിംഹാസന പള്ളിയിൽ നടന്നു.

മകൾ ഹെലന് രണ്ടര വയസ്സുള്ളപ്പോഴാണ് ജോലി തേടി ഷിജു സൗദിയിലേക്ക് പോകുന്നത്.  ഫ്രീ വിസയിലായിരുന്നു യാത്ര.  വിവിധ കമ്പനികളിൽ ജോലി ചെയ്തെങ്കിലും വർക്ക് പെർമിറ്റ് ( ഇക്കാമ ) ലഭിക്കാത്തതിനാൽ നാട്ടിലേക്ക് വരാൻ കഴിഞ്ഞില്ല. നീണ്ട 12 വർഷമായി നടത്തുന്ന നാടണയാനുള്ള പരിശ്രമം ഫലംകണ്ടു തുടങ്ങിയ ഘട്ടത്തിലാണ് മരണം പിടികൂടുന്നത്. ഷിജുവിൻ്റെ സന്തോഷത്തോടെയുള്ള മടക്കിയ യാത്ര പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന ഭാര്യ ബിൻ സിക്കും മകൾ ഹെലനും താങ്ങാനാവാത്ത സങ്കടമാണ് ഷിജുവിന്റെ വേർപാട് സമ്മാനിച്ചത്. അമ്മയുടെയും മകളുടെയും സങ്കടം ഏവരുടെയും കണ്ണ് നനയിച്ചു.

15 വയസിന്നിടയിൽ പിതാവിനെ ജീവനോടെ ഒരു നോക്ക് കാണാൻ കഴിയാതെ പോയതിൻ്റെ സങ്കടം ഹെലനെ തളർത്തി. നാടിന് പ്രിയങ്കരനായിരുന്ന ഷിജുവിനെ കാണാൻ നൂറുകണക്കിന് ആളുകളാണ് തയ്യിൽ വീട്ടിലെത്തിയത്. സൗദി പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ ദിവസങ്ങൾ നീണ്ട പരിശ്രമത്തിൻ്റെ ഫലമായാണ് മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാനായത്. മൃതദേഹം വിട്ടുകിട്ടുന്നതിന് നാട്ടിൽ നിന്നുള്ള രേഖകൾ ജമാഅത്തെ ഇസ് ലാമി ഹരിപ്പാട് ഏരിയ പ്രസിഡൻ്റ് അബ്ദുൽ റസാഖ് വഴിയാണ് സലിമിന്  കൈമാറിയത്. രമേശ് ചെന്നിത്തലക്ക് വേണ്ടി പ്രൈവറ്റ് സെക്രട്ടറി വേണു റീത്ത് സമർപ്പിച്ചു.

Tags:    
News Summary - The last kiss Helen could give her father for the first see.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.