‘ദ കേരള സ്റ്റോറി’ വർ​ഗീയ കലാപത്തിലേക്ക് നയിക്കാൻ ആഹ്വാനം നൽകുന്ന സിനിമ -എം.വി.​ഗോവിന്ദൻ

വിവാദ സിനിമ ‘കേരള സ്റ്റോറി’ക്ക് പിന്നിൽ വർ​ഗീയ അ‍‍ജണ്ടയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ. ഭരണകൂട സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നത് ആർ എസ് എസ് ആണെന്നും കേരളത്തിലെ മതനിരപേക്ഷതയിൽ വിഷം കലക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

'കേരളത്തെ വിഷം കലക്കി വളരെ അപകടകരമായൊരു തലത്തിലേക്ക് നീക്കാൻ വേണ്ടിയിട്ടുള്ള ശ്രമമാണ്. ആ ശ്രമമാണ് കേരള സ്റ്റോറി എന്ന് പറയുന്ന സിനിമയിലൂടെ അവർ അവതരിപ്പിക്കാൻ ഉ​ദ്ദേശിക്കുന്നത്. മത സ്പർദ്ദ ഉണ്ടാക്കുന്ന ഒരു നിലപാടും സ്വീകരിക്കാൻ പാടില്ല പ്രസം​ഗം നടത്താൻ പാടില്ല എന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഇത് മത സ്പർദ്ദ ഉണ്ടാക്കുക മാത്രമല്ല വർ​ഗീയ കലാപത്തിലേക്ക് നയിക്കാനുള്ള ആഹ്വാനം നൽകുന്നതാണ്. അത് ഒരുതരത്തിലും കേരളത്തിലെ ആരോ​ഗ്യപരമായ ജീവിതത്തിന് ​ഗുണം ചെയ്യുന്ന ഒന്നല്ല', എന്നാണ് എം വി ​ഗോവിന്ദൻ പറഞ്ഞത്.

‘ദ കേരള സ്റ്റോറി’ക്കെതിരെ വിമർശനവുമായി കോൺഗ്രസ് എം.പി ശശി തരൂരും നേരത്തേ രംഗത്തുവന്നു. ഇത് നിങ്ങളുടെ കേരള സ്റ്റോറി ആയിരിക്കാം, ഞങ്ങളുടെ കേരള സ്റ്റോറി അല്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സിനിമക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് നിർമിച്ച ഹിന്ദി സിനിമയെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കള്ളിയിൽപെടുത്തി ന്യായീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രതികരിച്ചിരുന്നു. സമൂഹവിരുദ്ധ നീക്കങ്ങൾക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

32,000 പേരെ മതംമാറ്റിയെന്ന സംഘ്പരിവാർ വാദങ്ങൾ തെളിയിക്കുന്നവർക്ക് ഒരു കോടി രൂപ ഇനാം നൽകുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു.

സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദ കേരള സ്റ്റോറി’ മേയ് അഞ്ചിന് തിയറ്ററുകളിൽ എത്താനിരിക്കുകയാണ്. ഈ ചിത്രത്തെ കേരളീയ സമൂഹം ബഹിഷ്കരിക്കണമെന്നും സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ, സാമൂഹിക, കലാ, സാംസ്കാരിക രംഗത്തെ പ്രമുഖർ സംയുക്ത പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്.

Tags:    
News Summary - 'The Kerala Story' is a movie that calls for communal riots - MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.