തിരുവല്ല: പ്രണയത്തിൽനിന്ന് പിന്മാറിയ പകയിൽ തിരുവല്ലയിലെ നിരണത്ത് യുവതിയുടെ വീട് അടിച്ചുതകർത്ത സംഭവത്തിൽ കാപ്പ കേസ് പ്രതിയായ കാമുകൻ അടക്കം മൂന്നുപേർ പുളിക്കീഴ് പൊലീസിന്റെ പിടിയിലായി.
കാപ്പ കേസ് പ്രതി ചങ്ങനാശ്ശേരി നാലുകോടി കൊല്ലാപുരം ചെമ്മുകത്ത് വീട്ടിൽ പ്രണവ് സുരേഷ് (22), തിരുവല്ല മുത്തൂർ പള്ളിക്കാമറ്റം വീട്ടിൽ ജിതിൻ (22), തിരുവല്ല കുറ്റപ്പുഴ മാടമുക്ക് ചിറയപറമ്പിൽ വീട്ടിൽ സി. ജിതിൻ (19) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി 12ഓടെയായിരുന്നു ആക്രമണം. അഞ്ചുവർഷമായി പ്രണവ് യുവതിയുമായി അടുപ്പത്തിലായിരുന്നതായി പൊലീസ് പറഞ്ഞു.
ക്രിമിനൽ പശ്ചാത്തലം മനസ്സിലാക്കിയതോടെ യുവതി പ്രണയത്തിൽനിന്ന് പിന്മാറി. പ്രണവിന്റെ ഫോൺ എടുക്കാത്തതിനെത്തുടർന്ന് യുവതിയുടെ വീട്ടിലെത്തിയ മൂന്നംഗസംഘം മരത്തടി ഉപയോഗിച്ച് വീടിന്റെ ജനലുകളും വാതിലും അടക്കം അടിച്ചുതകർത്തു. മുൻവാതിൽ തകർത്ത് അകത്തുകയറിയ പ്രതികൾ യുവതിയുടെ സഹോദരൻ അടക്കമുള്ളവർക്കുനേരെ ആക്രമണം അഴിച്ചുവിട്ടു.
തുടർന്ന് സ്ഥലത്തുനിന്ന് പോയ പ്രതികൾ അരമണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും വെല്ലുവിളിയുമായി എത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൂവരെയും കീഴ്പെടുത്തുകയായിരുന്നു. പിടിയിലായ പ്രണവ് സുരേഷും രണ്ടാം പ്രതി ജിതിനും ചങ്ങനാശ്ശേരി, മാന്നാർ സ്റ്റേഷൻ പരിധികളിൽ വധശ്രമം, അടിപിടി, ബൈക്കിൽ എത്തി മാല പൊട്ടിക്കൽ തുടങ്ങിയ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.