കൊച്ചി: ഉരുൾദുരന്തം നേരിട്ട വയനാടിന് കേന്ദ്ര സഹായം അനുവദിക്കാത്തതിനെതിരെ ഹർത്താൽ നടത്തിയതിന് ഹൈകോടതിയുടെ രൂക്ഷ വിമർശനം.ഭരണ -പ്രതിപക്ഷങ്ങൾ സംയുക്തമായി ഹർത്താൽ നടത്തിയത് ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമായെന്നും ഇതുകൊണ്ടുണ്ടായ ഗുണമെന്തെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ചോദിച്ചു.
ചൂരൽമല -മുണ്ടക്കൈ ദുരന്തത്തെ തുടർന്നുള്ള പുനർനിർമാണവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് കഴിഞ്ഞ ചൊവ്വാഴ്ച വയനാട് ജില്ലയിൽ നടത്തിയ ഹർത്താലിനെ കോടതി വിമർശിച്ചത്. കേന്ദ്രസഹായം നിഷേധിച്ചതിനോടുള്ള പ്രതിഷേധമായിരുന്നു ഹർത്താലെന്ന് സർക്കാർ അഭിഭാഷകൻ വിശദീകരിച്ചപ്പോൾ എങ്ങനെയാണ് ഈ പേരുപറഞ്ഞ് ഹർത്താലിനെ ന്യായീകരിക്കാനാവുകയെന്നായിരുന്നു കോടതിയുടെ ചോദ്യം.
ടൂറിസത്തിന്റെ പേരിൽ ദൈവത്തിന്റെ സ്വന്തം നാടെന്നാണ് കേരളത്തെ വിശേഷിപ്പിക്കുന്നത്. എന്നാൽ, ഇവിടെ എന്താണ് നടക്കുന്നതെന്ന് ദൈവത്തിനുപോലും അറിയില്ല. 15 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നും അടിയന്തര ഹർത്താൽ നടത്തരുതെന്നും ഉത്തരവുള്ളതാണ്. ഇതൊന്നും പാലിക്കാതെ ഭരണ കക്ഷിയും പ്രതിപക്ഷവും ഹർത്താൽ നടത്തുകയായിരുന്നുവെന്ന് കോടതി കുറ്റപ്പെടുത്തി.
കൊച്ചി: വയനാടിന് കേന്ദ്ര സഹായം അനുവദിക്കാത്തതിനെതിരെ ഹർത്താൽ നടത്തിയത് അനുവദിക്കാനാകില്ലെന്നും കുറച്ച് വിവേകം വേണമെന്നും ഭരണപക്ഷത്തോടും പ്രതിപക്ഷത്തോടും ഹൈകോടതി ഡിവിഷൻ ബെഞ്ച്. ഇക്കാര്യം ഭരണകക്ഷിയോടും പറ്റുമെങ്കിൽ പ്രതിപക്ഷത്തോടും പറയണമെന്ന് അഡ്വക്കറ്റ് ജനറലിനെ അറിയിക്കാൻ കോടതി സർക്കാർ അഭിഭാഷകനോട് ആവശ്യപ്പെട്ടു. കോടതിയുടെ വികാരം അറിയിക്കാമെന്ന് അഭിഭാഷകനും വ്യക്തമാക്കി.
അടിയന്തര ഹർത്താൽ നടത്തില്ലെന്ന് യു.ഡി.എഫ് മുമ്പ് പറഞ്ഞിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഭരണപക്ഷമായിട്ടും എൽ.ഡി.എഫും ഹർത്താലിനോട് സഹകരിച്ചു. വയനാട്ടിലെ തെരഞ്ഞെടുപ്പ് കഴിയാൻ നോക്കിനിന്നു ഹർത്താൽ നടത്താൻ. മഹാത്മാഗാന്ധി സമരം നടത്തിയത് വിദേശ ശക്തികൾക്കെതിരെയായിരുന്നു.
വയനാടിന്റെ പുനർനിർമാണത്തിന് കോടതിയുടെ മേൽനോട്ടമുണ്ട്. അതിനിടയിലാണ് ഇത്തരം ദ്രോഹ നടപടികൾ. ഹർത്താൽ ജനവിരുദ്ധവും അസഹ്യവുമാണ്. ഭരണപക്ഷവും ഇതിനൊപ്പം നിന്നുവെന്നതാണ് ഖേദകരം. ഭയന്നാണ് ജനങ്ങളുടെ ജീവിതം. അവർക്കെങ്ങനെയാണ് ജോലിക്ക് പോകാനാവുക.
കോടതിക്ക് ഒരു ചുവട് മുന്നോട്ട് വെച്ചശേഷം രണ്ട് ചുവട് പിന്നോട്ട് പോകാനാവില്ല. പ്രകൃതിദുരന്തമാണോ ഹർത്താലാണോ വലിയ ദുരന്തം എന്നാണ് ആലോചിക്കേണ്ടതെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ചോദിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.