എം.കെ രാഘവൻ

എം.പിമാർ മത്സരിക്കരുതെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞിട്ടില്ല, അത് ചിലരുടെ പിടിവാശി -തുറന്നടിച്ച് എം.കെ. രാഘവൻ

കോഴിക്കോട്: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പി മാർ മത്സരിക്കരുതെന്ന് ഹൈക്കമാൻഡ് പറഞ്ഞിട്ടില്ലെന്നും അത് ചിലരുടെ പിടിവാശിയാണെന്നും എം.കെ. രാഘവൻ എം.പി. അത് ഹൈക്കമാൻഡിന്‍റെ തലയിൽ ഇടേണ്ടതില്ലെന്നും രാഘവൻ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ വന്ന് വാശിപിടിച്ചതുകൊണ്ടാണ് പിന്നീട് ഹൈക്കമാൻഡ് അത്തരത്തിലൊരു തീരുമാനമെടുത്തതെന്നും എം.കെ രാഘവൻ പറഞ്ഞു.

വോട്ടെണ്ണും മുമ്പ് മുഖ്യമന്ത്രി ചര്‍ച്ച ശരിയായില്ല. അനവസരത്തിലുള്ള ചർച്ചയാണത്. ഭൂരിപക്ഷം ലഭിച്ചതിന് ശേഷം മാത്രമേ ഇത്തരം ചർച്ച ഉണ്ടാവാൻ പാടുള്ളൂ. കേരളത്തിൽ ഇത് ആദ്യമാണ്. ഇത് നല്ല പ്രവണതയല്ല. യു.ഡി.എഫ് പ്രവർത്തകർ കഠിനാധ്വാനം ചെയ്ത് മുന്നണിയെ അധികാരത്തിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. അതിനിടെ, തെരുവിൽ വെച്ച് മുഖ്യമന്ത്രി ആരാവണമെന്ന് ചര്‍ച്ച നടത്തുന്നത് ഒരു കാരണവശാലും കോൺഗ്രസിനും യു.ഡി.എഫിനും ഗുണകരമല്ല. ഇത് അംഗീകരിക്കാൻ കഴിയില്ല. ഭൂരിപക്ഷം ലഭിച്ചതിന് ശേഷം ഹൈക്കമാൻഡ് തീരുമാനിക്കുന്നതാണ് കോൺഗ്രസിന്‍റെ കീഴ് വഴക്കം.

തന്നോട് മത്സരിക്കാൻ ഒരു നേതാവ് ആവശ്യപ്പെട്ടിരുന്നു. തോൽക്കുന്ന സീറ്റ് എടുത്ത് മത്സരിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. പത്ത് -നാൽപത്താറ് വർഷമായി തോൽക്കുന്ന സീറ്റിൽ താൻ മത്സരിച്ചാൽ ജയിക്കും. അങ്ങിനെയെങ്കിൽ ഒരു സീറ്റ് അധികം ലഭിക്കുമല്ലോ എന്നാണ് അവർ പറഞ്ഞത്. ആ നേതാവ് ആരാണ് എന്ന് താൻ ഇപ്പോൾ പറയുന്നില്ല. അത് സമയമാവുമ്പോൾ പറയും. ആ നേതാക്കൾ തന്നെയാണ് ഡൽഹിയിൽ വന്ന് എം.പിമാർ മത്സരിക്കരുതെന്ന് വാശി പിടിച്ചതെന്നും രാഘവൻ കൂട്ടിച്ചേർത്തു.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തിറങ്ങാൻ മോഹിച്ച എം.പിമാരിൽ കെ. സുധാകരനും അടൂർ പ്രകാശുമായിരുന്നു മുമ്പിൽ. പരാജയപ്പെടുന്ന സീറ്റിൽ താൻ മത്സരിച്ചാൽ ജയിക്കുമെന്ന അവകാശവാദവുമായി എം.കെ. രാഘവനും സ്ഥാനാർഥി മോഹവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, ഹൈകമാൻഡ് കർശന നിലപാടെടുത്തതോടെ എം.പിമാരുടെ ആഗ്രഹങ്ങ​ളൊന്നും നടന്നില്ല. വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് തോന്നിച്ചതിനൊടുവിൽ കെ. സുധാകരനും ഹൈകമാൻഡ് നിർദേശങ്ങൾക്ക് കീഴടങ്ങുകയായിരുന്നു. 

Tags:    
News Summary - The high command has not said that MPs should not contest, it is the stubbornness of some - MK Raghavan openly criticizes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.