വി.ഡി. സതീശൻ 

ആരോഗ്യമേഖല തകര്‍ന്നുതരിപ്പണമായി, ആരോഗ്യമന്ത്രി രാജിവെച്ച് ഇറങ്ങിപ്പോകണമെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ മേഖല തകർന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ മരിച്ച വേണുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആറു ദിവസം വേണു ആശുപത്രിയിൽ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നും ആശുപത്രിയിൽ പൂർണ അവഗണനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വല്ലപ്പോഴും സർക്കാർ ആശുപത്രികളിൽ ഉണ്ടായിക്കൊണ്ടിരുന്ന കാര്യങ്ങൾ നിരന്തരം ആവർത്തിക്കുകയാണ്. ഉപകരണങ്ങൾ ഇല്ലാത്ത അവസ്ഥയാണ്. ഒരുപാട് പ്രശ്നങ്ങൾ ആരോഗ്യ മേഖലയിൽ നിറഞ്ഞുനിൽക്കുന്നു. ഈ സർക്കാറിന്റെ കാലത്ത് ആരോഗ്യ മേഖല തകർന്ന് തരിപ്പണമായി. ആരോഗ്യമന്ത്രി സ്വയം രാജിവെച്ച് ഇറങ്ങിപ്പോകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡ് ഗുരുതര കുറ്റകൃത്യം നടത്തിയെന്ന് ഹൈകോടതി കണ്ടെത്തിയ സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും അംഗങ്ങളെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണം. പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യണം. ചവിട്ടി പുറത്താക്കേണ്ട കാട്ടുകള്ളന്മാര്‍ക്കാണ് കാലാവധി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സര്‍ക്കാറിന്റെയും സി.പി.എമ്മിന്റെയും അറിവോടെയാണ് ശബരിമലയിലെ എല്ലാ തട്ടിപ്പുകളും നടന്നത് എന്നതുകൊണ്ടാണ് അമ്പലകള്ളന്മാര്‍ക്ക് കുടപിടിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തട്ടിപ്പ് അറിഞ്ഞിട്ടും കോടതി വിധി ലംഘിച്ചാണ് സ്വര്‍ണം പൂശാന്‍ ശില്‍പങ്ങള്‍ വീണ്ടും അയാളെ ഏല്‍പ്പിച്ചത്. നിലവിലെ ദേവസ്വം പ്രസിഡന്റിന്റെയും ബോര്‍ഡിന്റെയും ഭാഗത്തുനിന്നു നിയമ വിരുദ്ധ ഇടപെടലുണ്ടായെന്നു വ്യക്തം.

ശബരിമലയിലെ അമൂല്യ വസ്തുക്കള്‍ അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ക്ക് വിറ്റോയെന്ന സംശയവും കോടതി പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശബരിമലയിലെ സ്വര്‍ണം ഉള്‍പ്പെടെ എല്ലാ വസ്തുക്കളും കോടതി നിരീക്ഷണത്തില്‍ പരിശോധിച്ച് മൂല്യനിര്‍ണയം നടത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - The health sector has collapsed, the health minister should resign -opposition leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.