കരിപ്പൂരിൽ സ്വർണം കടത്തിയയാളും കവർച്ച ചെയ്യാനെത്തിയ സംഘവും പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി 67 ലക്ഷം രൂപയുടെ സ്വർണം കടത്തിയ യാത്രക്കാരനും ഇത് കവരാൻ എത്തിയ ക്രിമിനൽ സംഘവും വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടിയിലായി. യു.എ.ഇയിലെ ​അൽ ഐനിൽ നിന്നെത്തിയ കൊടിഞ്ഞി സ്വദേശി മുസ്തഫയാണ് കസ്റ്റംസ് പരിശോധന അതിജീവിച്ച് സ്വർണം പുറത്തെത്തിച്ചത്. ഇയാളിൽനിന്ന് സ്വർണം തട്ടിയെടുക്കാൻ വിമാനത്താവള പരിസരത്ത് തമ്പടിച്ച കാസർകോട് കാഞ്ഞങ്ങാട് സ്വദേശി റഷീദിനെ (34) പൊലീസ് ആദ്യം വലയിലാക്കുകയായിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വർണം കടത്തിയയാളെയും കവർച്ച സംഘത്തെയും പിടികൂടാനായത്.

ദുബൈയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശികളായ സമീര്‍, ഷാക്കിര്‍, കാഞ്ഞങ്ങാട് സ്വദേശി സാദിഖ് എന്നിവരാണ് സ്വർണവുമായെത്തുന്ന മുസ്തഫയുടെ വിവരങ്ങള്‍ റഷീദിന് കൈമാറി സ്വർണം തട്ടിയെടുക്കാന്‍ നിയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. റഷീദിന് സഹായത്തിനായി വയനാട് നിന്നുള്ള അഞ്ചംഗ സംഘവും സമീറിന്‍റെ നിര്‍ദേശപ്രകാരം എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. സ്വർണം കടത്തിയ മുസ്തഫയും കവർച്ച സംഘത്തിലെ റഷീദും പൊലീസ് കസ്റ്റഡിയിലായതോടെ കവര്‍ച്ച സംഘത്തിലെ മറ്റുള്ളവർ മുങ്ങി. ഇവരെ പിന്തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു. വയനാട് സ്വദേശികളായ കെ.വി മുനവ്വിര്‍ (32), ടി. നിഷാം (34), ടി.കെ. സത്താര്‍ (42), എ.കെ. റാഷിദ് (44), കെ.പി. ഇബ്രാഹിം എന്നിവരാണ് വൈത്തിരിയിൽ വെച്ച് പൊലീസ് പിടിയിലായത്. കവർച്ച സംഘത്തിൽ പെട്ട സി.എച്ച് സാജിദിനെ (36) കാസർകോട് വെച്ചാണ് അറസ്റ്റ് ചെയ്തത്.

മലപ്പുറം എസ്. പി. എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കരിപ്പൂർ വിമാനത്താവളത്തിന് സമീപം പ്രതികൾക്കായി വലവിരിക്കുകയായിരുന്നു. സ്വർണവുമായി പോകുന്ന വാഹനം വിജനമായ സ്ഥലത്ത് വെച്ച് കവർച്ച നടത്താനായിരുന്നു പ്രതികൾ പദ്ധതി തയാറാക്കിയത്. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - The gold smuggler and the gang who came to rob have been arrested in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.