കേ​ന്ദ്ര സർക്കാർ ചെകുത്താനാണെന്ന് മന്ത്രി കെ. രാജൻ; വയനാട് ടൗൺഷിപ്പിന് 27ന് തറക്കല്ലിടും

തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന് ഈമാസം 27 ന് തറക്കല്ലിടുമെന്ന് മന്ത്രി കെ. രാജൻ. നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് മ​ന്ത്രി ഇക്കാര്യം പറഞ്ഞത്. അഭിമാനകരമായ ദുരന്ത നിവാരണ പ്രക്രിയയിലാണ് സർക്കാർ. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് പുനരധിവാസ പട്ടിക തയ്യാറാക്കിയത്.120 കോടി രൂപ ഉപയോഗിച്ച് റോഡുകൾ പുനർനിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാർ ചെകുത്താനായിട്ടാണ് അവതരിച്ചിട്ടുള്ള​തെന്ന് മന്ത്രി വിമർശിച്ചു. എന്ത് പ്രതിസന്ധിയുണ്ടായാലും നിലവിലുള്ള പരാതികളെല്ലാം തീർക്കും, പുനരധിവാസത്തിന് സാധ്യമായതെല്ലാം ചെയ്യും. വയനാട്ടിൽ കേരള മോഡൽ ഉണ്ടാക്കും. രാഷ്ട്രീയത്തിന് അതീതമായി ഏറ്റവും മികച്ച രക്ഷാ പ്രവർത്തനമാണ് നടന്നത്. ഇത്ര വലിയ ദുരന്തം ഉണ്ടായിട്ട് കേന്ദ്രം അത് തീവ്ര ദുരന്തമായി പ്രഖ്യാപിച്ചത് എത്ര മാസം കഴിഞ്ഞാണ്?

കേന്ദ്ര സർക്കാരിന് എതിരെ പറയുമ്പോൾ എന്തിനാണ് പ്രതിപക്ഷം പ്രകോപിതരാകുന്നത്? കേരളം എന്തു ചെയ്തു എന്നതിന്റെ മറുപടിയാണ് കേരള ബാങ്ക് ദുരിത ബാധിതരുടെ കടം എഴുതി തള്ളിയത്. കേരളത്തെ അപമാനിക്കാനും ഒറ്റപ്പെടുത്താനുമുള്ള നടപടിയുമായി കേന്ദ്രം മുന്നോട്ട് പോവുകയാണ്. എസ്റ്റേറ്റ് ഏറ്റെടുത്ത നടപടിയിൽ കോടതി ഇടപെടൽ ഉണ്ടായി. അതുണ്ടായില്ലെങ്കിൽ ഇപ്പോൾ വീടുകളുടെ നിർമ്മാണം കോൺക്രീറ്റ് വരെ എത്തുമായിരുന്നു.

ഭൂമിയിൽ കയറരുത് എന്നാണ് കോടതി നിർദേശിച്ചത്. പ്രതിദിന അലവൻസ് 300 രൂപ മൂന്ന് മാസം മാത്രമേ നിയമപ്രകാരം നൽകാനാവൂ. അതുകൊണ്ടാണ് നിർത്തിയത്. വയനാട് വിഷയത്തിൽ രാഷ്ട്രീയമില്ല. എല്ലാവരെയും ഒന്നിച്ചുനിർത്തി മുന്നോട്ട് പോകും. ദുരന്ത നിവാരണ പ്രവർത്തനത്തിനിടെ ചില പ്രചാരണങ്ങൾ ഉണ്ടായി. കൊടുക്കാത്ത ബ്രെഡ് പൂത്തതായി വരെ പ്രചരിപ്പിച്ചുവെന്നും മന്ത്രി വിമർശിച്ചു. സംസ്ഥാന സർക്കാരിനെതിരെ ടി. സിദ്ധിഖ് എം.എൽ.എയാണ് അടിയന്തിര പ്രമേയം കൊണ്ടുവന്നത്. ഏറെ നേരത്തെ വാഗ്വാദത്തിന് ശേഷം പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ച് സഭ വിട്ടു.

Tags:    
News Summary - The foundation stone for Wayanad Township will be laid on the 27th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.