കാടിനുള്ളിലാണ് വന്യജീവി ആക്രമണങ്ങള്‍ ഉണ്ടായതെന്ന് വനംമന്ത്രി പറയുന്നത് തെറ്റ്- വി.ഡി. സതീശൻ

തിരുവനന്തപുരം: കാടിനുള്ളിലാണ് വന്യജീവി ആക്രമണങ്ങള്‍ ഉണ്ടായതെന്ന് വനംമന്ത്രി പറയുന്നത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഞെട്ടിക്കുന്ന വാര്‍ത്തകളാണ് മലയോരത്ത് നിന്നും വീണ്ടും വരുന്നത്. മൂന്നു ദിവസത്തിനുള്ളില്‍ നാലു പേരെയാണ് ആന ചവിട്ടിക്കൊന്നത്. ഒരാഴ്ചക്കിടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.

അടിയന്തിരമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാരില്‍ നിന്ന് ഒന്നുമുണ്ടാകുന്നില്ല. വനാതിര്‍ത്തികളിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന നടപടിയാണ് സര്‍ക്കാര്‍ ഇപ്പോഴും സ്വീകരിക്കുന്നത്. കാടിനുള്ളില്‍ വെള്ളമില്ലാത്തതു കൊണ്ടാണ് ആന ഇറങ്ങുന്നതെന്നാണ് പറഞ്ഞത്. അങ്ങനെയെങ്കില്‍ വെള്ളവും ഭക്ഷണവും കാട്ടിനുള്ളില്‍ നല്‍കാന്‍ സംവിധാനം ഒരുക്കണമെന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ മാധ്യമങ്ങളോട് വി.ഡി. സതീശൻ പറഞ്ഞു.

ആന കൂടുതലായി ഇറങ്ങുന്ന സ്ഥലങ്ങളിലെ കാടുകളില്‍ വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള സംവിധാനം മറ്റു സംസ്ഥാനങ്ങളിലുണ്ട്. നേരത്തെ കേരളവും അങ്ങനെ ചെയ്തിട്ടുണ്ട്. ആനകള്‍ കൂടുതലായി ഇറങ്ങുന്ന സ്ഥലങ്ങളില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം.

കാടിനുള്ളിലാണ് വന്യജീവികളുടെ ആക്രമണങ്ങള്‍ ഉണ്ടായതെന്ന് വനംമന്ത്രി പറയുന്നത് തെറ്റാണ്. പ്ലാന്റേഷനിലും വയലിലുമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനാവകാശ നിയമ പ്രകാരം കാട്ടിനുള്ളില്‍ ആദിവാസികള്‍ താമസിക്കുന്നുണ്ട്. അല്ലാതെ അതിക്രമിച്ച് കാട്ടിലേക്ക് കയറിയവരെയല്ല വന്യജീവികള്‍ കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം ഉണ്ടായത് കാടിന് പുറത്താണ്. വനാതിര്‍ത്തിക്ക് 15 കിലോമീറ്റര്‍ ദൂരെ വരെ വന്യജീവി ശല്യമുണ്ട്. ആന ചവിട്ടിക്കൊന്നവരൊന്നും അതിക്രമിച്ച് കയറിയവരോ വേട്ടയാടലിന് പോയവരോ മാവോയിസ്റ്റുകളോ അല്ല. വനവിഭവം കൊണ്ട് ജീവിക്കാന്‍ നിയമപരമായി അവകാശമുള്ളവരെയാണ്. അവരെ മന്ത്രി എന്തിനാണ് പരിഹസിക്കുന്നത്.

യോഗങ്ങള്‍ നടക്കുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല. അപകടം പിടിച്ച സ്ഥലങ്ങളിലെങ്കിലും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ നിയോഗിക്കേണ്ടേ? മൃഗങ്ങള്‍ക്ക് ഭക്ഷണ സൗകര്യവും വെള്ളവും ഒരുക്കിക്കൊടുക്കണ്ടേ? ഇനിയും ചൂടു കൂടും. അപ്പോള്‍ കൂടുതല്‍ ആന ഇറങ്ങി കൂടുതല്‍ പേര്‍ മരിക്കുമെന്നാണോ മന്ത്രി പറയുന്നത്. ഒരാഴ്ചയ്ക്കിടെയാണ് അഞ്ച് പേരെ വിവിധ സ്ഥലങ്ങളില്‍ ചവിട്ടിക്കൊന്നിരിക്കുന്നത്. സര്‍വകക്ഷി യോഗം പോലും വിളിക്കാതെ സര്‍ക്കാര്‍ നിസംഗരായി ഇരിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

News Summary - The forest minister is wrong to say that wild animal attacks took place inside the forest - V. D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.