ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ ആദ്യ വി.സി നിയമനം സംഘ്പരിവാർ താൽപര്യത്തിൽ

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നടത്തിയ ആദ്യ വൈസ്ചാൻസലർ നിയമനം തന്നെ സംഘ്പരിവാർ കേന്ദ്രങ്ങളുടെ താൽപര്യത്തിനനുസൃതമായിട്ടായിരുന്നു. ആരോഗ്യ സർവകലാശാല വി.സി നിയമനത്തിലാണ് സർക്കാർ നോമിനിയെ വെട്ടി ബി.ജെ.പി പിന്തുണയുള്ളയാളെ വി.സിയായി ആരിഫ്മുഹമ്മദ് ഖാൻ 2019 ഒക്ടോബറിൽ നിയമിച്ചത്. ഡോ. മോഹനൻ കുന്നുമ്മലിനെയാണ് ആരോഗ്യ സർവകലാശാല വി.സിയായി നിയമിച്ചത്.

2019 സെപ്റ്റംബറിലാണ് ഗവർണറായി ആരിഫ് മുഹമ്മദ്ഖാൻ നിയമിക്കപ്പെടുന്നത്. വി.സി സ്ഥാനത്തേക്ക് സർക്കാർ മുന്നോട്ടുവെച്ചത് മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. പ്രവീൺലാൽ കുറ്റിച്ചിറയുടെ പേരായിരുന്നു. ഇതിന് പുറമെ ഡോ. വി. രാമൻകുട്ടിയുടെയും ഡോ. മോഹൻ കുന്നുമ്മലിന്റെയും പേര് സെർച്ച് കമ്മിറ്റി ഗവർണർക്ക് നൽകിയിരുന്നു. പ്രവീൺലാലിനെ വി.സിയായി നിയമിക്കാനുള്ള സർക്കാർ താൽപര്യം ആരോഗ്യ മന്ത്രിയായിരുന്നു കെ.കെ. ശൈലജ ഗവർണറെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, സെർച്ച് കമ്മിറ്റി നൽകിയ പട്ടികയിലെ മൂന്നാം പേരുകാരനായ ഡോ. മോഹൻ കുന്നുമ്മലിനെ വി.സിയായി നിയമിച്ചാണ് ഗവർണർ ഉത്തരവിറക്കിയത്.

കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഡോ. മോഹൻ കുന്നുമ്മൽ. കേന്ദ്രസർക്കാർ രാജ്ഭവനിൽ നടത്തിയ ഇടപെടലിലാണ് ആരോഗ്യ സർവകലാശാല വി.സി നിയമനം നടന്നതെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. ഗവർണറുടെ നടപടിയിൽ സർക്കാർ അമ്പരന്നെങ്കിലും പരസ്യ പ്രതികരണങ്ങളിൽനിന്ന് മന്ത്രി ഉൾപ്പെടെയുള്ളവർ മാറിനിൽക്കുകയായിരുന്നു.

പിന്നീട് കാലിക്കറ്റ് സർവകലാശാല വി.സി നിയമനത്തിലും ഗവർണർ സംഘ്പരിവാർ താൽപര്യത്തിന് വഴങ്ങി നിയമനം നീട്ടിക്കൊണ്ടുപോയി. സെർച്ച് കമ്മിറ്റി മൂന്ന് പേരുകൾ നൽകുകയും ഒന്നാമത്തെ പേരുകാരനായ ഡോ. കെ.എം. സീതിയെ വി.സിയായി നിയമിക്കാനുള്ള താൽപര്യം സർക്കാർ ഗവർണറെ അറിയിക്കുകയും ചെയ്തു. പാനലിൽ ഉൾപ്പെട്ടിരുന്ന കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സി.എ ജയപ്രകാശിനെ കാലിക്കറ്റ് വി.സിയാക്കാൻ ബി.ജെ.പി ചരടുവലി നടത്തുകയും ചെയ്തിരുന്നു. ശക്തമായ സംഘ്പരിവാർ വിരുദ്ധ നിലപാടുള്ള ഇടതുസഹയാത്രികൻ കൂടിയായ ഡോ. കെ.എം സീതിയെ വി.സിയാക്കുന്നതിൽ ബി.ജെ.പി ഗവർണറെ എതിർപ്പറിയിക്കുകയും ചെയ്തിരുന്നു. ഡോ. സീതിക്ക് 60 വയസ്സ് പൂർത്തിയാകുന്നത് വരെ നിയമനം നീട്ടിക്കൊണ്ടുപോയി അതുവഴി അദ്ദേഹത്തെ പട്ടികയിൽനിന്ന് പുറത്താക്കാനുള്ള തന്ത്രമാണ് ഗവർണർ നടത്തിയത്. ഇതോടെയാണ് പട്ടികയിലെ രണ്ടാം പേരുകാരനായ നിലവിലെ വി.സി ഡോ. എം.കെ ജയരാജിന് വേണ്ടി സർക്കാർ സമ്മർദം ശക്തമാക്കിയതും ഗവർണർ വഴങ്ങിയതും. കാലിക്കറ്റ് വി.സി നിയമനത്തിൽ ബി.ജെ.പി സംസ്ഥാന ഘടകം ഇടപെടാൻ ശ്രമിച്ചതും അക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതും പിന്നീട് ആരിഫ് മുഹമ്മദ് ഖാൻ തന്നെ പരസ്യമായി പറഞ്ഞിരുന്നു.

ഗവർണർ ഇത്തരം നടപടികൾ തുടർന്നതോടെയാണ് പാനൽ നൽകുന്നതിന് പകരം സെർച്ച് കമ്മിറ്റി ഏകകണ്ഠമായി ഒരു പേര് നിർദേശിക്കുന്ന തന്ത്രത്തിലേക്ക് സർക്കാർ മാറിയത്. കണ്ണൂർ വി.സിയായി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ സമ്മർദം ചെലുത്തിയതും ഇതിന്റെ തുടർച്ചയായാണ്. രാജ്ഭവനെ ഉപയോഗിച്ച് കേരളത്തിലെ സർവകലാശാല തലപ്പത്ത് സംഘ്പരിവാറിന്റെ ഇഷ്ടക്കാരെ കുടിയിരുത്താൻ ബി.ജെ.പി ശ്രമം നടത്തിയതോടെയാണ് സർക്കാർ മറുതന്ത്രം പയറ്റിത്തുടങ്ങിയത്. ഇതിന്റെ തുടർച്ചയാണ് വി.സി നിയമനത്തിൽ ചാൻസലറായ ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ല് നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കുകയും ഗവർണർക്ക് അയക്കുകയും ചെയ്തത്. ഈ ബില്ലിൽ ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടില്ല.  


Tags:    
News Summary - The first VC appointment made by Arif Muhammad Khan was in the interest of the Sangh Parivar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.