ആദ്യ ഹജ്ജ് സംഘം നാളെ രാവിലെ പുറപ്പെടും

കൊച്ചി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് തുടക്കം കുറിച്ച് 377 തീര്‍ഥാടകരെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം നെടുമ്പാശ്ശേരിയില്‍ നിന്ന് ശനിയാഴ്ച രാവിലെ 8:30ന് പുറപ്പെടുമെന്ന് ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ എസ്.വി 5747 നമ്പര്‍ വിമാനത്തിലാണ് സംഘം മദീനയിലേക്ക് പുറപ്പെടുന്നത്. വിമാനത്തിന്റെ ഫ്ലാഗ് ഓഫ് മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വഹിക്കും. ചടങ്ങില്‍ വ്യവസായ മന്ത്രി പി. രാജീവ്, തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി. അബ്ദുള്ളക്കുട്ടി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, പി.ടി.എ. റഹിം എം.എല്‍.എ, അന്‍വര്‍ സാദത്ത് എം.എല്‍.എ, ജില്ല കലക്ടര്‍ ജാഫര്‍ മാലിക്, മലപ്പുറം ജില്ല കലക്ടറും ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫിസറുമായ വി.ആര്‍. പ്രേം കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ശനിയാഴ്ച വൈകീട്ട് നാലിന് ഹജ്ജ് ക്യാമ്പില്‍ നടക്കുന്ന തീര്‍ഥാടകര്‍ക്കുള്ള യാത്രയയപ്പ് സംഗമം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. ചടങ്ങില്‍ എം.പിമാരായ പി.വി. അബ്ദുല്‍ വഹാബ്, ബെന്നി ബഹനാന്‍, എ.എം. ആരിഫ്, എം.എല്‍.എമാരായ കെ.ടി. ജലീല്‍, പി.ടി.എ. റഹീം, മുഹമ്മദ് മുഹ്‌സിന്‍, അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, ടി.വി. ഇബ്രാഹിം, മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, ലക്ഷദ്വീപ് എം.പി പി.പി. ഫൈസല്‍, ജില്ല കലക്ടർ ജാഫര്‍ മാലിക്, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടി.കെ. ഹംസ, മദ്‌റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സൂര്യ അബ്ദുല്‍ ഗഫൂര്‍, എ.എം. യൂസുഫ്, സിയാല്‍ മാനേജിങ്ങ് ഡയറക്ടര്‍ എസ്. സുഹാസ് തുടങ്ങിയവര്‍ പങ്കെടുക്കും.

കോവിഡ് സാഹചര്യത്തില്‍ 2020, 2021 വര്‍ഷങ്ങളില്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രമാണ് ഹജ്ജ് തീര്‍ഥാടനത്തിനുള്ള അനുമതി സൗദി ഹജ്ജ് മന്ത്രാലയം നല്‍കിയത്. വിദേശ തീര്‍ഥാടകര്‍ക്കുള്ള അനുമതി ലഭിച്ച സാഹചര്യത്തില്‍ ഈ വര്‍ഷം ജൂണ്‍ നാലു മുതല്‍ 16 വരെ നെടുമ്പാശ്ശേരി വഴി 20 വിമാനങ്ങളിലായി 7724 തീര്‍ഥാടകരാണ് മദീനയിലേക്ക് പോകുന്നത്. 377 പേര്‍ വീതം യാത്ര ചെയ്യാവുന്ന വിമാനത്തില്‍ കേരളത്തിനു പുറമേ, തമിഴ്‌നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ്, ആന്‍ഡമാന്‍ തുടങ്ങിയ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ള 1966 തീര്‍ഥാടകരും യാത്രയാകും.

കേരളത്തില്‍ നിന്നു 5758 തീര്‍ഥാടകര്‍ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. 2056 പുരുഷന്മാരും 3702 സ്ത്രീകളുമാണ് സംഘത്തിലുള്ളത്. സിയാലിന്റെ നേതൃത്വത്തില്‍ മികച്ച രീതിയിലുള്ള സൗകര്യങ്ങളാണ് ഹജ്ജ് ക്യാമ്പില്‍ ഒരുക്കിയിട്ടുള്ളത്. ഒരേസമയം 1500 പേര്‍ക്ക് പ്രാര്‍ഥന നിര്‍വഹിക്കാനും താമസം, ഭക്ഷണം, പ്രാഥമിക ആവശ്യങ്ങള്‍ തുടങ്ങിയവക്കും വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.

വാര്‍ത്തസമ്മേളനത്തില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, ഓര്‍ഗനൈസിങ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. മൊയ്തീന്‍കുട്ടി, മീഡിയ ചെയര്‍മാന്‍ പി.വി. മുഹമ്മദ് റാഫി, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - The first group of pilgrims will leave tomorrow morning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.