കൽപറ്റ: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച കർഷകൻ തോമസിന്റെ കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിക്കും. ആക്ഷൻ കമ്മിറ്റി ഭാരവാഹികളുമായി ജില്ല കലക്ടർ എ. ഗീത നടത്തിയ ചർച്ചയിലാണ് ധാരണയായത്.
കുടുംബാംഗത്തിന് താൽക്കാലിക ജോലി നൽകും. സ്ഥിര ജോലിക്കുള്ള ശുപാർശ മന്ത്രിസഭക്ക് നൽകും. നഷ്ടപരിഹാരമായി 10 ലക്ഷം കുടുംബത്തിന് ഉടൻ നൽകും. 40 ലക്ഷം കൂടി നൽകാൻ സർക്കാറിനോട് ശുപാർശ ചെയ്യും. കടുവയെ പിടിക്കാൻ ആവശ്യമെങ്കിൽ കൂടുതൽ കൂടുകൾ സ്ഥാപിക്കാനും ചർച്ചയിൽ ധാരണയായി.
മരിച്ച തോമസ് എടുത്ത കാർഷിക വായ്പ എഴുതിത്തള്ളുന്നതിന് നടപടി സ്വീകരിക്കുമെന്നും കലക്ടർ ഉറപ്പു നൽകി. കടുവയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കടുവ സാന്നിധ്യം സ്ഥിരീകരിച്ച തൊണ്ടർനാട് പഞ്ചായത്തിലെ വെള്ളാരംകുന്നിൽ നൂറിലേറെ വനപാലക സംഘമാണ് ക്യാമ്പ് ചെയ്യുന്നത്.
ആർ.ആർ.ടി സംഘത്തിന്‍റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. കടുവ ഉൾവനത്തിലേക്ക് കടന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാവിലെയാണ് തോമസിനെ കടുവ ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.