മണ്ണഞ്ചേരി: റോഡ് അപകടത്തിൽപ്പെട്ട് കുളത്തിൽ തെറിച്ചുവീണ യാത്രക്കാരന് തുണയായത് കുട്ടപ്പൻ എന്ന തെരുവുനായ. മിണ്ടാപ്രാണിയുടെ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയത് കോട്ടയം വെച്ചൂർ സ്വദേശിയായ ജോണിനാണ്.
ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെൻറിലെ താൽക്കാലിക ജീവനക്കാരനായ ജോൺ വ്യാഴാഴ്ച പുലർച്ച ജോലിസ്ഥലമായ ആലപ്പുഴയിൽനിന്ന് വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. കാവുങ്കൽ തെക്കേ കവലക്ക് തെക്കുവശം ബൈക്ക് നിയന്ത്രണം വിട്ട് പരിസരത്തെ കെട്ടിടങ്ങളിൽ തട്ടിയശേഷം കുളത്തിലേക്ക് മറിയുകയായിരുന്നു. പുലർച്ചയായതിനാൽ ആരും അറിയാതെ പോകുമായിരുന്ന അപകടം സമീപത്തെ കെട്ടിടത്തിനടുത്ത് കിടന്നിരുന്ന 'കുട്ടപ്പൻ' നിർത്താതെ കുരച്ചതോടെയാണ് യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്.
പുലർച്ച നടക്കാനിറങ്ങിയ തേനാംപുറത്ത് അനീഷ്, മട്ടുമ്മേൽവെളി ശ്യാംകുമാർ എന്നിവർ ദീർഘനേരം ശ്രമിച്ചാണ് ജോണിനെ കുളത്തിൽനിന്ന് കരയിലെത്തിച്ച് െതാട്ടടുത്ത ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയത്. തലക്കും ശരീര ഭാഗങ്ങളിലും പരിക്കേറ്റ ഇദ്ദേഹം വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നാളുകൾക്ക് മുമ്പ് പ്രദേശത്ത് എത്തിയ നായയെ നാട്ടുകാർ സ്നേഹപൂർവം വിളിക്കുന്ന പേരാണ് കുട്ടപ്പൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.