ബാലറ്റ് പെട്ടി കാണാതായത്​ ഞെട്ടിപ്പിക്കുന്നതും ദുരൂഹവും -നജീബ്​ കാന്തപുരം

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിലെ അസാധുവായ സ്പെഷൽ വോട്ടുകൾ സൂക്ഷിച്ച പെട്ടി കാണാതായ സംഭവം ഞെട്ടിപ്പിക്കുന്നതും ദുരൂഹവുമാണെന്ന്​ സ്ഥലം എം.എൽ.എ നജീബ്​ കാന്തപുരം. സംഭവത്തിനു പിന്നിലെ ഉദ്യോഗസ്ഥ-മാഫിയ ഗൂഢാലോചനയാണ് പുറത്തുവരുന്നത്. ഇതു ജനാധിപത്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം വിമർശിച്ചു.

സ്​ട്രോങ്​ റൂമിൽ സൂക്ഷിച്ച പെട്ടി മോഷണം പോയതിനു പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കണം. തെരഞ്ഞെടുപ്പ് കേസില്‍പ്പെട്ട അസാധു ബാലറ്റ് പേപ്പറുകള്‍ കാണാതാവുന്നത് നിസ്സാര കാര്യമല്ല. പൊലീസ് അന്വേഷണം ആവശ്യപ്പെട്ട്​ മുഖ്യമന്ത്രിക്കും കേന്ദ്ര- സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകൾക്കും​ പരാതി നൽകിയിട്ടുണ്ട്.

ജനാധിപത്യത്തെ വിലയ്​ക്കുവാങ്ങാനുള്ള നീക്കമാണ് നടക്കുന്നത്. വലിയ സാമ്പത്തിക ശേഷിയുള്ളവരാണ് മറുഭാഗത്തുള്ളത്. എന്ത് അട്ടിമറിക്കും സാധ്യതയുണ്ട്​. ബാലറ്റ്​ പെട്ടി മോഷ്ടിച്ചുകൊണ്ടുപോകാൻ കഴിയുന്നത്ര തരത്തിൽ ക്രമക്കേടുണ്ടാകുന്നത്​ വലിയ സംഭവമാണ്​. വോട്ടെടുപ്പിന്‍റെ വിശ്വാസ്യതയെയാണ്​ ഇതു​ ബാധിക്കുന്നത്​. പെട്ടി എങ്ങനെ മാറിപ്പോയി എന്നതിന്​ ഉദ്യോഗസ്ഥർക്ക്​ കൃത്യമായ മറുപടിയില്ല. ഈ വോട്ടുകൾ സാധുവാണോ അസാധുവാണോ എന്ന ചോദ്യമാണ് തെരഞ്ഞെടുപ്പ്​ കേസിൽ കോടതിക്ക് മുന്നിലുള്ളത്​. അസാധുവാണെന്ന് വോട്ടെണ്ണൽ നടന്നപ്പോൾ എല്ലാവരും അംഗീകരിച്ച കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - ballot box, Najeeb Kanthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.