പി.വി. അന്‍വര്‍ പ്രതിയായ കേസ് സിവില്‍ സ്വഭാവമുള്ളതെന്ന് ക്രൈം ബ്രാഞ്ച്
മഞ്ചേരി: കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി. അന്‍വര്‍ എം.എല്‍.എ പ്രവാസി എന്‍ജിനിയറിൽ നിന്ന് 50 ലക്ഷം വാങ്ങിയ കേസ് സിവില്‍ സ്വഭാവമുള്ളതെന്ന് ക്രൈം ബ്രാഞ്ച്. ഡിവൈ.എസ്.പി പി. വിക്രമന്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സമർപ്പിച്ച അന്തിമ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. എം.എല്‍.എ പ്രഥമദൃഷ്ട്യ വഞ്ചന നടത്തിയതായി നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഡിവൈ.എസ്.പിയാണ് ഒടുവില്‍ കേസ് സിവില്‍ സ്വഭാവമുള്ളതെന്ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വിശദ വാദം കേള്‍ക്കാതെ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് പരാതിക്കാരന്‍ പട്ടര്‍ക്കടവ് സ്വദേശി നടുത്തൊടി സലീമിന്‍റെ അഭിഭാഷകൻ വാദിച്ചതോടെ കേസ് ജനുവരി അഞ്ചിലേക്ക് മാറ്റി. ഹൈകോടതി ഉത്തരവുപ്രകാരം അന്വേഷണം ആരംഭിച്ച് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പി.വി. അന്‍വര്‍ എം.എല്‍.എയെ അറസ്റ്റു ചെയ്യാതെ ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നാരോപിച്ച് പരാതിക്കാരന്‍ സമര്‍പ്പിച്ച ഹരജിയിലാണ് അന്വേഷണം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ മേല്‍നോട്ടത്തിലാക്കിയത്.
ബല്‍ത്തങ്ങാടി താലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറും 26 ഏക്കർ ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞ് പി.വി. അന്‍വര്‍ 50 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. എം.എല്‍.എയെ രക്ഷിക്കാനുള്ള ഒത്തുകളിയാണ് റിപ്പോര്‍ട്ടെന്നും ക്രൈം ബ്രാഞ്ചിനെതിരെ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരനായ നടുത്തൊടി സലീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.