തിരുനക്കര ബസ്സ്റ്റാൻഡ് കെട്ടിടം
കോട്ടയം: ബലക്ഷയമെന്നു കണ്ടെത്തി ഒഴിപ്പിച്ച തിരുനക്കര ബസ്സ്റ്റാൻഡ് കെട്ടിടം പൊളിക്കുന്നതിനുള്ള ചെലവ് ഒന്നരക്കോടി. സർവേ റിപ്പോർട്ടിൽ കെട്ടിടത്തിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത് 19.9 ലക്ഷവും. ചർച്ചകൾക്കും ബഹളങ്ങൾക്കുമൊടുവിൽ കെട്ടിടം പൊളിക്കാനുള്ള ലേലം, കുറഞ്ഞത് 40 ലക്ഷം രൂപയിൽ തുടങ്ങാൻ കൗൺസിൽ യോഗം തീരുമാനിച്ചു. കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ച വ്യാപാരികളിൽ അപേക്ഷ നൽകിയ യഥാർഥ ലൈസൻസികളിൽ എല്ലാവർക്കും കടമുറികൾ നൽകാനും തിരുനക്കര പൊലീസ് സ്റ്റേഷൻ മൈതാനം പുനരധിവാസത്തിൽനിന്ന് ഒഴിവാക്കാനും തീരുമാനിച്ചു.
നേരത്തേ 12 ലക്ഷം രൂപയുടെ സർവേ റിപ്പോർട്ടാണ് മുനിസിപ്പൽ എൻജിനീയറിങ് വിഭാഗം തയാറാക്കിയിരുന്നത്. ഈ തുക കുറവാണെന്നു കൗൺസിലർമാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് സർവേ റിപ്പോർട്ട് പുതുക്കാൻ കൗൺസിൽ നിർദേശിച്ചിരുന്നു. അതുപ്രകാരം തയാറാക്കിയ റിപ്പോർട്ടിലാണ് തുക വർധിച്ചത്. ഇക്കാര്യം ഭരണപക്ഷത്തുനിന്നുള്ള കൗൺസിലർമാരടക്കം ചൂണ്ടിക്കാട്ടിയപ്പോൾ, കോടതിയിൽ നൽകാൻ സ്ഥലപരിശോധന നടത്താതെ ധിറുതിയിൽ തയാറാക്കിയ സർവേ റിപ്പോർട്ടായിരുന്നു അതെന്ന് അസി. എക്സി. എൻജിനീയർ അറിയിച്ചു. പൊളിക്കാനുള്ള ചെലവ് കൂടുതലാണെന്ന് കൗൺസിലർമാർ പറഞ്ഞതിനെ തുടർന്ന് പ്രൈസ് സോഫ്റ്റ്വെയറിലെ നിരക്ക് അനുസരിച്ചാണ് ചെലവു കണക്കാക്കിയിട്ടുള്ളതെന്നും അസി. എക്സി. എൻജിനീയർ വ്യക്തമാക്കി.
സർവേ റിപ്പോർട്ട് പിന്നീട് ചർച്ച ചെയ്യാൻ മാറ്റിവെക്കണമെന്ന് ആവശ്യമുയർന്നെങ്കിലും കോടതിയിൽ കേസുള്ളതിനാൽ വൈകിക്കാനാവില്ലെന്ന് സെക്രട്ടറി പറഞ്ഞതോടെ 40 ലക്ഷം രൂപയിൽ ലേലം തുടങ്ങാൻ തീരുമാനിച്ച് ചർച്ച അവസാനിപ്പിക്കുകയായിരുന്നു. പുതിയ കെട്ടിടത്തിന്റെ ഡി.പി.ആർ തയാറാക്കുന്നതിന് താൽപര്യപത്രം ക്ഷണിച്ചതുപ്രകാരം ആദ്യം അപേക്ഷ നൽകിയ 15 പേരെ കൗൺസിലിൽ വിളിച്ചുവരുത്തി പ്രസന്റേഷൻ അവതരിപ്പിക്കാനും ഇതിലേക്കു സാങ്കേതിക വിദഗ്ധരെ ക്ഷണിക്കാനും തീരുമാനിച്ചു.
ആദ്യം അപേക്ഷിച്ച 15പേരെ ഒഴിവാക്കി സ്റ്റിയറിങ് കമ്മിറ്റി രണ്ടാമത് അപേക്ഷ ക്ഷണിക്കുകയും അപേക്ഷിച്ച 11 പേരിൽനിന്ന് എട്ടുപേരെ ഷോർട്ട്ലിസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, സ്റ്റിയറിങ് കമ്മിറ്റിക്ക് അതിന് അധികാരമില്ലെന്നും ആദ്യത്തെ 15 പേരെ തന്നെ വിളിക്കണമെന്നും കൗൺസിലർ എം.പി. സന്തോഷ് കുമാർ ആവശ്യപ്പെട്ടു.
കൽപക സൂപ്പർമാർക്കറ്റ് പൊളിച്ച് അവിടെ പരമാവധി 3x3 മീറ്റർ വലുപ്പത്തിൽ 38 കടകൾക്ക് താൽക്കാലിക സംവിധാനമൊരുക്കാനാവുമെന്ന് കൗൺസിലർമാരുടെ സംഘം സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു കണ്ടെത്തിയിരുന്നു. നിലവിലെ കടമുറികളുടെ വലുപ്പത്തിന് ആനുപാതികമായാവും കടകൾ അനുവദിക്കുക. പൊതുയോഗങ്ങൾ നടക്കുന്നതിനാലാണ് പൊലീസ് സ്റ്റേഷൻ മൈതാനത്ത് പുനരധിവാസം അനുവദിക്കാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.