ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​ന്​ ക​ല​ക്ട​റേ​റ്റി​ൽ എ​ത്തി​യ വ​യോ​ധി​ക​ൻ തോ​ക്ക് ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ

കലക്ടറേറ്റിൽ നിറതോക്ക് വിരലിലിട്ട് കറക്കി വയോധികൻ, പേടിച്ചുവിറച്ച് ജീവനക്കാർ

കാക്കനാട്: ജില്ല ഭരണസിരാകേന്ദ്രം തോക്കിൻമുനയിലായ ദിവസമായിരുന്നു തിങ്കളാഴ്ച. ഓഫിസിലെത്തിയ വയോധികൻ തിര നിറച്ച തോക്കുമായി നടന്നതോടെ ജീവനക്കാർ ഭയന്നോടി. തോക്കിന്‍റെ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് എത്തിയ വയോധികനാണ് തോക്ക് കാണിക്കുന്നതിനായി പുറത്തെടുത്തത്. സിനിമാ സ്റ്റൈലിൽ വിരലുകൾക്കിടയിൽ ഇട്ട് കറക്കുകയും ചെയ്തു. പിന്നീട് എറണാകുളം എ.ഡി.എം എസ്. ഷാജഹാൻ അറിയിച്ചതനുസരിച്ച് തൃക്കാക്കര പൊലീസ് എത്തി തോക്കും ഉടമസ്ഥനെയും കസ്റ്റഡിയിലെടുത്തു.

ഡെപ്യൂട്ടി തഹസിൽദാറായി വിരമിച്ച മുളവൂർ സ്വദേശിയായ 85 കാരനാണ് കലക്ടറേറ്റിൽ തോക്കുമായി എത്തിയത്. അവിവാഹിതനായ ഇദ്ദേഹത്തിന് 2007 മുതൽ സ്വയരക്ഷാർഥം തോക്ക് ഉപയോഗിക്കുന്നതിന് ലൈസൻസ് നൽകിയിരുന്നു. ലൈസൻസ് പുതുക്കാൻ കഴിഞ്ഞമാസം കലക്ടറേറ്റിൽ എത്തി അപേക്ഷ നൽകി. അപേക്ഷയുടെ തൽസ്ഥിതി അറിയാനാണ് ഓഫിസിൽ എത്തിയത്.

കലക്ടറേറ്റിലെ ഡെസ്പാച്ച് സെക്ഷനിലെത്തിയപ്പോൾ നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ലെന്ന് ജീവനക്കാർ അറിയിച്ചു. തോക്കിന് അറ്റകുറ്റപ്പണി ആവശ്യമുള്ളതിനാൽ അപേക്ഷയുമായി ബന്ധപ്പെട്ട് സമർപ്പിച്ച രേഖകൾ തിരികെ നൽകണമെന്ന് പറഞ്ഞ് ആവശ്യമുണ്ടെങ്കിൽ തോക്ക് പരിശോധിച്ചോളൂ എന്നുപറഞ്ഞ് ഉയർത്തി കാണിക്കുകയായിരുന്നു. തുടർന്ന് വിരലുകൾക്കിടയിൽ ഇട്ട് കറക്കുകയും ചെയ്തെന്ന് ജീവനക്കാർ പറഞ്ഞു.

തോക്ക് ചൂണ്ടുന്നതുപോലെ തോന്നിയതോടെ പരിഭ്രാന്തിയിലായ ജീവനക്കാർ എ.ഡി.എമ്മിനെ അറിയിക്കുകയായിരുന്നു. എ.ഡി.എമ്മിന്‍റെ ചേംബറിൽ വെച്ച് തോക്ക് ചോദിച്ചപ്പോഴാണ് റിവോൾവർ മോഡലിലുള്ള തോക്കിൽ എട്ട് റൗണ്ട് തിരകൾ ഉണ്ടായിരുന്നതായി മനസ്സിലായത്. തോക്ക് എടുത്തപ്പോഴും കറക്കിയപ്പോഴും അബദ്ധത്തിൽ പൊട്ടിയിരുന്നെങ്കിൽ പോലും ദുരന്തത്തിന് വഴിവെച്ചേനെ. ഒടുവിൽ ബന്ധുക്കളെ വിളിച്ചുവരുത്തിയാണ് ഇയാളെ വിട്ടയച്ചത്. ജീവനക്കാർക്ക് പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തില്ല.

Tags:    
News Summary - Collectorate staff panicked at gunpoint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT