സി.ആർ.ഇസഡിന്റെ കാര്യത്തിൽ വലിയ ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തിയതെന്ന് മുഖ്യമന്ത്രി

വൈക്കം: സി.ആർ.ഇസഡിന്റെ കാര്യത്തിൽ വലിയ ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജെ.ബി.കോശി കമീഷനെ നിയോഗിച്ച് റിപ്പോർട്ട് വാങ്ങി. റിപ്പോർട്ട് പ്രകാരമുള്ള കാര്യങ്ങൾ സ്വീകരിച്ച് മുന്നോട്ടു പോകാനാണ് ഉദേശിക്കുന്നത്. ചെല്ലാനത്തിൻ്റെ മാതൃക സ്വീകരിച്ച് കൂടുതൽ മേഖലയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം.

സംസ്ഥാന സർക്കാരിന്റെ വിഭവശേഷിയുമായി ബന്ധപ്പെട്ട പരിമിതികൾ വലുതാണെങ്കിലും കാര്യങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്. മീൻ വളരാനുള്ള സാവകാശം നൽകാതെ പൊടി മത്സ്യ കയറ്റുമതി കാരണം മത്സ്യ ദൗർലഭ്യം വളരെ കൂടുതലാകുന്ന കാര്യം എക്സ്പോർട്ടിംഗ് മേഖലയെ പ്രതിനിധീകരിച്ച് അനസ് മാനാറ ശ്രദ്ധയിൽ പെടുത്തി. ചെമ്മീൻ കൃഷി നടത്തുന്ന ചാലുകൾ ഫ്‌ളോട്ടിങ് മാർക്കറ്റ്, ഫ്‌ളോട്ടിങ് റെസ്റ്റോറന്റ് പോലെയാക്കി ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റണമെന്ന നിർദ്ദേശവും അദ്ദേഹം പങ്കു വച്ചു.

കേരളത്തിൽ ഒറ്റപെട്ടു പോകുന്ന ജനത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയതാണ്. അതിൽ ഇടപെടാൻ സാധിക്കുന്ന ലോൺലിനെസ് മിനിസ്ട്രി സംവിധാനം കേരളത്തിൽ ആരംഭിക്കണമെന്ന് ബിസിനസ് രംഗത്തുള്ള അവിര തരകൻ പറഞ്ഞു. ചെറുകിട വ്യവസായികൾ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ പൊതു മേഖല സ്ഥാപനങ്ങൾ വഴി വിൽപ്പന നടത്തിയാൽ ചെറുകിട വ്യവസായ മേഖലയിലുള്ളവർക്ക് കൂടുതൽ പ്രയോജനകരമാകും എന്ന നിർദ്ദേശമാണ് ചെറുകിട വ്യവസായ പ്രതിനിധി ബിജു യോഗത്തിൽ അവതരിപ്പിച്ചത്.

രാത്രികാലങ്ങളിൽ ഹൗസ്ബോട്ടുകൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യമാണ് റമദ ചെയർമാൻ റെജി ചെറിയാൻ ഉന്നയിച്ചത്. ആയുർവേദ മേഖലയെ കൂടുതൽ സർഗാത്മകമായി ഉപയോഗിച്ച് ആലുപ്പുഴയെ ഹെൽത്ത് ടൂറിസം ഹബ് ആക്കി മാറ്റണമെന്ന ആശയം വിഷ്ണു നമ്പൂതിരി മുന്നോട്ടു വച്ചു.

കർഷകരെ ഇസ്രായേലിലേക്ക് അയച്ച് കൃഷി രീതികൾ പഠിപ്പിച്ചത് മികച്ച സർക്കാർ നടപടികളിലൊന്നാണെന്ന് കാർഷിക മേഖലയെ പ്രതിനിധീകരിച്ച സുജിത്ത് അഭിപ്രായപ്പെട്ടു. വിദേശ രാജ്യങ്ങളിലെ പോലെ ടെക്‌നോളജികൾ ഉപയോഗിച്ചുകൊണ്ടുള്ള കൃഷി രീതികൾ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. കാർഷിക മേഖലയിൽ സർക്കാർ നടത്തിവരുന്ന പദ്ധതികൾ സംക്ഷിപ്തമായി ചർച്ചയിൽ പങ്കു വെക്കാൻ സാധിച്ചു.

ഉത്പാദനക്ഷമത വർധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. അതിനായി ആധുനിക കാർഷിക രീതികൾ സ്വീകരിക്കണമെന്നതാണ് സർക്കാർ നയം. എന്നാൽ, വികസന കാര്യങ്ങളുമായി മുന്നോട്ടു പോകുന്നതിൽ തടസം സൃഷ്ടിച്ചുകൊണ്ട് കാർഷിക രംഗത്ത് ചില പ്രശ്‌നങ്ങൾ സർക്കാർ നേരിടുന്നുണ്ട്. ഇതിനൊരു പരിഹാരത്തിനായി സുപ്രീംകോടതിയെ സർക്കാർ സമീപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags:    
News Summary - The Chief Minister said that the state government has made a big intervention in the matter of CRZ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.