തിരുവനന്തപുരം : രാജ്യത്തിനാകെ മാതൃകയാണ് കേരള സവാരി പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് സർക്കാർ മേഖലയിലുള്ള ആദ്യ ഓൺലൈൻ ടാക്‌സി സർവീസായ കേരള സവാരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര അങ്കണത്തിൽ നടന്ന ചടങ്ങിൽ കേരള സവാരിയിലെ വാഹനങ്ങൾ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.
ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. നവ ഉദാരവൽക്കരണ നയങ്ങൾ നമ്മുടെ പരമ്പരാഗത തൊഴിൽ മേഖലകളെയും തൊഴിലാളികളെയും ഏറെ പ്രതികൂലമായി ബാധിക്കുന്ന ഘട്ടത്തിൽ ചൂഷണമില്ലാത്ത ഒരു വരുമാന മാർഗം മോട്ടോർ തൊഴിലാളികൾക്ക് ഉറപ്പിക്കാൻ തൊഴിൽ വകുപ്പ് ആലോചിച്ചു നടപ്പിലാക്കിയ പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു.
പൈലറ്റ് അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് നടപ്പാക്കുന്ന പദ്ധതി ഘട്ടംഘട്ടമായി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുമെന്നും പദ്ധതി ആരംഭിച്ചതിനു ശേഷം എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.കേരള സവാരി വെബ്‌സൈറ്റ് ഗതാഗത മന്ത്രി അഡ്വ ആന്റണി രാജു ഉദ്ഘാടനം ചെയ്തു. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ കെ ദിവാകരൻ ആദ്യ സവാരി ബുക്ക് ചെയ്ത് യാത്ര ചെയ്തു.
കേരള സവാരി പ്രവർത്തനങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ സംവിധാനം മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ പ്രവർത്തനം ആരംഭിച്ചു.കോൾ സെന്റർ നമ്പറായ 9072272208 എന്നതിലേക്ക് വിളിച്ച് അഭിപ്രായങ്ങളും പരാതികളും അറിയിക്കാം. കേരള സവാരി ആപ്പ് 17ന് അർധരാത്രി മുതൽ പ്ലേസ്‌റ്റോറിൽ പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങി.
തിരുവനന്തപുരം നഗരസഭാ പരിധിയിൽ 541 വാഹനങ്ങളാണ് ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 22 പേർ വനിതകളാണ്. രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 321 ഓട്ടോ റിക്ഷകളും 228 എണ്ണം കാറുകളുമാണ്. പ്ലാനിംഗ് ബോർഡ്, ലീഗൽ മെട്രോളജി,ഗതാഗതം, ഐടി,പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ തൊഴിൽവകുപ്പ് മോട്ടോർ തൊഴിലാളി ക്ഷേമനിധിബോർഡിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതിക്ക് പാലക്കാട്ടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസാണ് സാങ്കേതിക സഹായങ്ങൾ നൽകുന്നത്.
ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ്‌കുമാർ, തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മിഷണർ നവ്‌ജ്യോത് ഖോസ, കലക്ടർ ജെറോമിക് ജോർജ്ജ്, ഐ.ടി.ഐ ലിമിറ്റഡ് ജനറൽ മാനേജർ കെ വി നാഗരാജ്, തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.