ആര് പിണങ്ങിപ്പോയി, ഞാനോ? -അതെല്ലാം മാധ്യമ സൃഷ്ടിയെന്ന് മുഖ്യമന്ത്രി

കാസർകോട്: പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ മൈക്ക് അനൗൺസ്മെന്റ് ഉണ്ടായതിൽ പ്രതിഷേധിച്ച് ക്ഷുഭിതനായി വേദിയിൽ നിന്ന് ഇറങ്ങിപ്പോയി എന്ന സംഭവത്തിൽ വിശദീകരവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പിണങ്ങിപ്പോയി എന്നത് മാധ്യമ സൃഷ്ടിയാണെന്നും പരിപാടിയിൽ നേരിട്ട ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ഇറങ്ങുകയായിരുന്നുവെന്നുമാണ് കാസർകോട് നടന്ന മറ്റൊരു പരിപാടിയിൽ മുഖ്യമന്ത്രി വിശദീകരിച്ചത്.

നിറഞ്ഞ സന്തോഷത്തോടെ കെട്ടിടം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു എന്ന് പറയുമ്പോൾ തന്നെ അനൗൺസ്മെന്റ്‍ വന്നു. ഞാൻ പിന്നെ പറയേണ്ട ഒരു വാചകം ഉണ്ട്, സ്നേഹാഭിവാദനങ്ങൾ എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്നത്. അത് തീരുംമുമ്പ് തന്നെ അനൗൺസ്മെന്റ് നടത്തി. ഞാൻ പറഞ്ഞ് അവസാനിപ്പിക്കും മുമ്പേ എങ്ങനെയാണ് അനൗൺസ്മെന്റ് നടത്തിയത്. എന്റെ വാചകം തീരണ്ടെ. ഇത് കേൾക്കാതെ അയാൾ ആവേശത്തിൽ പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. അപ്പോൾ ഞാൻ പറഞ്ഞു ചെവിട് കേൾക്കുന്നില്ലേ എന്ന്. ഇത് ചെയ്യാൻ പാടില്ലല്ലോ. ഞാൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അത് അവസാനിപ്പിക്കണ്ടെ. എന്നിട്ടല്ലേ അനൗൺസ് ചെയ്യാൻ പാടുള്ളൂ. അത് പറഞ്ഞ് ഞാൻ ഇറങ്ങി പോന്നു. ഇതിനെയാണ് മുഖ്യമന്ത്രി പിണങ്ങിപ്പോയി എന്ന് ചാനലുകാർ വാർത്ത കൊടുത്തത്'.- മുഖ്യമന്ത്രി വിശദീകരിച്ചു.

ഒരാൾക്ക് ശരിയല്ലാത്ത ഒരുകാര്യം ചെയ്താൽ അത് പറയേണ്ടത് എന്റെ ബാധ്യതയാണ്. അത് പറഞ്ഞു. നിങ്ങൾ പിണങ്ങിപ്പോയി എന്ന് പറഞ്ഞാൽ നാളെ അങ്ങനെ കണ്ടാൽ ഞാൻ പറയാതിരിക്കുമോ. അത് വീണ്ടും പറയും. അത് എന്റെ ബാധ്യതയായി കാണുന്ന ആളാണ് ഞാൻ. മാധ്യമങ്ങളുടെ ലക്ഷ്യം എങ്ങനെയൊക്കെ വല്ലാത്തൊരു ചിത്രം ഉണ്ടാക്കാൻ പറ്റും എന്നതാണ്. അതുകൊണ്ടൊന്നും ആ ചിത്രം ജനങ്ങളിൽ ഉണ്ടാകില്ല എന്ന് മനസ്സിലാക്കണം'-മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

Tags:    
News Summary - The Chief Minister said that it was all a media creation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.