തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ തന്‍റെ ബന്ധു ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേസെടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി. സംഭവവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, വാട്സ്ആപ് വഴി ഭീഷണിമുഴക്കിയാൽ പൊലീസിന് നേരിട്ട് കേസെടുക്കാനാകില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ നൽകിയത്. മുഖ്യമന്ത്രിയുടെ ബന്ധു സി. സത്യൻ കണ്ണൂരിലെ മാധ്യമപ്രവർത്തകൻ ശിവദാസൻ കരിപ്പാലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് വിശദീകരണം. കോടതി നിർദേശപ്രകാരമേ ഇത്തരം പരാതികളിൽ തുടർനടപടി സ്വീകരിക്കാനാകൂ. ഇക്കാര്യം പരാതിക്കാരനെ നേരിട്ട് അറിയിച്ചതായും നിയമസഭാംഗങ്ങൾ ഉന്നയിച്ച ചോദ്യത്തിന് നിയമസഭ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച രേഖാമൂലമുള്ള മറുപടിയിൽ പിണറായി വിശദീകരിച്ചു. സ്വർണക്കടത്ത് വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ വാർത്ത നൽകിയതിന് പിന്നാലെ കഴിഞ്ഞമാസം കണ്ണൂർ മീഡിയയിലെ ശിവദാസൻ കരിപ്പാലിനുനേരെ മുഖ്യമന്ത്രിയുടെ സഹോദരപുത്രൻ കൂടിയായ അഭിഭാഷകൻ ഭീഷണി സന്ദേശം അയച്ചു. മുഖ്യമന്ത്രിക്കെതിരെ വാർത്ത കൊടുത്താൽ ശ്വാസം ബാക്കിയുണ്ടാവില്ലെന്നായിരുന്നു ഭീഷണി. ശിവദാസന്‍റെ വാട്സ്ആപ്പിലേക്കാണ് ഭീഷണി സന്ദേശം അയച്ചത്. തുടർന്ന് സ്വകാര്യ ചാനലിന് മുന്നിൽ ശിവദാസൻ സന്ദേശങ്ങൾ പ്രദർശിപ്പിക്കുകയും തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് പറയുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.