കൊച്ചി: വഖഫ് ഭേദഗതിയിലൂടെ വഖഫ് സ്വത്തുക്കളുടെ കൈയേറ്റമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ. കൊച്ചിയിൽ ജംഇയ്യതുൽ ഉലമ കോഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഭരണഘടന-വഖഫ് സംരക്ഷണ സമ്മേളനം ഒാൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തരം നിയമങ്ങളിലൂടെ വിശ്വാസത്തിനുനേരെയുള്ള കൈയേറ്റമാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഇത് ഭരണഘടനക്ക് നേരെയുള്ള കൈയേറ്റമാണ്. ഇത്തരം അനീതികൾക്കെതിരെ നീതിപീഠം ഇടപെടുമെന്നാണ് പ്രതീക്ഷ. ഭീകരവാദത്തിന് മതവിഭാഗങ്ങളുമായി ബന്ധമില്ല. മതങ്ങൾ പഠിപ്പിക്കുന്നത് മനുഷ്യ നന്മയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ മതനിരപേക്ഷതക്കെതിരായ കൈയേറ്റമാണ് വഖഫ് ഭേദഗതി നിയമമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ കുറ്റപ്പെടുത്തി. ഭരണഘടനയെ നോക്കുകുത്തിയാക്കുന്ന, വഖഫ് ഭേദഗതി നിയമം മതേതര സമൂഹം ചവറ്റുകൊട്ടയിലെറിയുമെന്ന് ആമുഖ പ്രഭാഷണം നടത്തിയ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല സെക്രട്ടറി കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി പറഞ്ഞു.
കലൂർ മഹല്ല് ഖാദി ടി.എസ്. സലാഹുദ്ദീൻ ബുഖാരി തങ്ങൾ കൂരിയാടിന്‍റെ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗവും സ്വാഗത സംഘം ചെയർമാനുമായ ഐ.ബി. ഉസ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യതുൽ ഉലമ മുശാവറ അംഗം ഉമർ ഫൈസി മുക്കം, സമസ്ത കേരള ജംഇയ്യതുൽ ഉലമ മുശാവറ അംഗം അബൂബക്കർ മൗലവി, പ്രമുഖ പ്രഭാഷകരായ ശുഹൈബുൽ ഹൈതമി, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, ബഷീർ വഹബി അടിമാലി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.
കേരള മുസ്ലിം ജമാഅത്ത് ജില്ല ജനറൽ സെക്രട്ടറി സി.ടി. ഹാഷിം തങ്ങൾ ഭരണഘടനയുടെ ആമുഖം വായിച്ചു. എസ്.വൈ.എസ് ജില്ല പ്രസിഡന്‍റ് എൻ.കെ. മുഹമ്മദ് ഫൈസി പ്രതിജ്ഞക്ക് നേതൃത്വം നൽകി. കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്‍റ് വി.എച്ച്. അലി ദാരിമി സ്വാഗതവും എസ്.വൈ.എസ് സംസ്ഥാന ട്രഷറർ എ.എം. പരീത് നന്ദിയും പറഞ്ഞു. മഹല്ല് ഇമാമീങ്ങൾ, മസ്‌ജിദ് പരിപാലന സമിതി അംഗങ്ങൾ, ബഹുജനങ്ങളുൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ ആയിരങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.