ചുരത്തിലെ മണ്ണിടിച്ചിലിന് കാരണം 80 അടി ഉയരത്തിൽ പാറയിലുണ്ടായ വിള്ളൽ; മഴ ഒഴിയാതെ വാഹനങ്ങൾ കടത്തിവിടില്ലെന്നും റവന്യൂ മന്ത്രി

തിരുവനന്തപുരം: താമരശ്ശേരി ചുരത്തിന്‍റെ ഒമ്പതാം വളവിൽ ഏകദേശം 80 അടി ഉയരത്തിലുണ്ടായ പാറയിലെ വിള്ളലുകളാണ് മണ്ണിടിച്ചിലിന് കാരണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ചുരത്തിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ജില്ല കലക്ടർമാരുമായി യോഗം ചേർന്നശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ബ്ലോക്കുകളായാണ് പാറകൾ വിണ്ടിരിക്കുന്നത്. ഇതിൽ നിന്നും ഉത്ഭവിച്ച വെള്ളച്ചാൽ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. രണ്ട് മണിക്കൂറെങ്കിലും മഴ ഒഴിയാതെ വാഹനങ്ങൾ ചുരത്തിലേക്ക് കയറ്റി വിടാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. വയനാട്, കോഴിക്കോട് ജില്ലാ കലക്ടർമാർ ഇടയ്ക്കിടെ ആശയ വിനിമയം നടത്തുന്നുണ്ട്. ഫയർഫോഴ്സ്, ജിയോളജി, മണ്ണ് സംരക്ഷണം, പൊലീസ് എന്നീ വിഭാഗങ്ങൾ കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ രേഖയുടെ നേതൃത്വത്തിൽ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മഴ ഒഴിഞ്ഞു നിന്നാൽ ഏത് സമയത്തും ചെറിയ വാഹനങ്ങൾ കടത്തി വിടാനായി, റോഡിലെ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്തിട്ടുണ്ട്.

ഏതെങ്കിലും തരത്തിലുള്ള അടിയന്തര 'സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് ചെയിന്‍ ഹിറ്റാച്ചിയും ക്രെയിനുകളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ല കലക്ടറോട് സ്ഥലം സന്ദര്‍ശിക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു. നിലവില്‍ തുടർച്ചയായ മഴ ശക്തമാണെങ്കിലും വെള്ളിയാഴ്ച മുതൽ നാല് മണിക്കൂർ ഇടവേളയായി മഴയുടെ തോത് കുറയുമെന്നാന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഇത് ചുരത്തിലെ പാറകളിൽ ഉണ്ടായ വിള്ളൽ റോഡിനടിയിലേക്കും ആഴത്തിൽ ഉണ്ടോ എന്ന് പരിശോധിക്കാൻ സഹായകരമാകും എന്നും മന്ത്രി പറഞ്ഞു. അതുവരെ ഭാരവാഹനം കടത്തിവിടാൻ കഴിയാത്ത സ്ഥിതിയാണ്.

കുറ്റ്യാടി ചുരം വഴി ചെറിയ വാഹനങ്ങള്‍ കടത്തിവിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റ്യാടി ചുരത്തിലും ചെറിയ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. കുറ്റ്യാടി റോഡിൽ അറ്റകുറ്റപ്പണികൾ ഉണ്ടെങ്കിൽ യുദ്ധകാലടിസ്ഥാനത്തിൽ തീർക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. യോഗത്തില്‍ ലാന്‍ഡ് റവന്യു കമീഷണര്‍ എ. കൗശികനും ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസും പങ്കെടുത്തു.

Tags:    
News Summary - The cause of the landslide at the Wayanad Churam was cracks in the rock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.