വൈത്തിരി: വൈത്തിരി ടൗണിൽ വെച്ച് കീഴുദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ വകുപ്പ് തല അന്വേഷണം. വെള്ളിയാഴ്ച രാത്രിയാണ് വൈത്തിരി സ്റ്റേഷൻ എസ്.എച്ച്.ഒ ബോബി വർഗീസ് കീഴുദ്യോഗസ്ഥനെ ജനമധ്യത്തിൽ തെറിവിളിക്കുകയും മർദ്ദിക്കുകയും ചെയ്തത്. സംഭവത്തിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. കോളേജ് വിദ്യാർഥിനിയായ പെൺകുട്ടിയോട് ടൗണിൽ വെച്ച് യുവാവ് അപമര്യാദയായി പെരുമാറിയതാണ് സംഭവത്തിന് തുടക്കം.
ഈ സമയത്ത് സി.ഐയും മൂന്നു പോലീസുകാരും ഭക്ഷണം കഴിക്കാൻ വൈത്തിരിയിലുണ്ടായിരുന്നു. സി.ഐയിയോട് പെൺകുട്ടി നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടി നൽകിയ വേഷവിധാനത്തിൽപെട്ട ഒരു യുവാവിനെ സി.ഐ പിടികൂടിയെങ്കിലും ഇത് യഥാർത്ഥ പ്രതിയല്ലെന്നാരോപിച്ചു നാട്ടുകാരും പഞ്ചായത്ത് മെമ്പർമാരും സ്ഥലത്തു തടിച്ചുകൂടി. എന്നാൽ കസ്റ്റഡിയിലെടുത്ത യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ട് പോകണമെന്ന് സി.ഐ നിർബന്ധം പിടിക്കുകയായിരുന്നു.
തുടർന്ന് ഒരു ഓട്ടോറിക്ഷയിൽ പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ധാരണയായി. സിവിൽ വേഷത്തിലായിരുന്ന, മർദനമേറ്റ സിപിഒ ഈ സമയം പുറത്തിറങ്ങുകയും സംഭവം വിഡിയോയിൽ പകർത്തുകയും ചെയ്തിരുന്നു. എന്നാൽ കൂടെയുണ്ടായിരുന്നവർ വാഹനത്തിൽനിന്നിറങ്ങിയില്ലെന്നും സി.ഐയെ ഒറ്റപ്പെടുത്തുകയും ചെയ്തുവെന്ന് തെറ്റിദ്ധരിച്ചു വാഹനത്തിന്റെ വാതിൽ തുറന്നു വലിച്ചു പുറത്തിറക്കി കീഴുദ്യോഗസ്ഥനെ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും മുന്നിലിട്ട് അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. രണ്ടു പോലീസുകാർ സിവിൽ വേഷത്തിലും മറ്റു രണ്ടുപേർ യൂണിഫോമിലുമായിരുന്നു.
സംഭവം വിവാദമായതിനെ തുടർന്ന് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് പോലീസ് മേധാവിക്ക് അന്വേഷിച്ചു റിപ്പോർട് സമർപ്പിച്ചു. വകുപ്പ് മുൻപാകെ സിപിഒ പരാതി നൽകിയതിനെ തുടർന്ന് സി.ഐക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുമെന്നാണറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.